നിങ്ങൾ അറിഞ്ഞ അതല്ല സത്യം….! ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചപ്പോൾ കൈ കുടുങ്ങി; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പുറത്തിറങ്ങാന്‍ പോലും കഴിയാതെ പെൺകുട്ടി ഉൾപ്പെടെ കുടുംബം…….

നിങ്ങൾ അറിഞ്ഞ അതല്ല സത്യം….!  ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചപ്പോൾ കൈ കുടുങ്ങി; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പുറത്തിറങ്ങാന്‍ പോലും കഴിയാതെ പെൺകുട്ടി ഉൾപ്പെടെ കുടുംബം…….
March 05 16:56 2021 Print This Article

”ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ജോലിക്കു പോലും പോകാന്‍ പറ്റുന്നില്ല. മകളുടെ കൂട്ടുകാര്‍ വിളിച്ചു ചോദിക്കുന്നതിനാല്‍ മകളും മാനസിക വിഷമത്തിലാണ്.”

മാവേലിക്കരയിലെ മാന്നാറിലുള്ള ഒരു വീട്ടമ്മയുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകളാണിത്.

ഭാര്യ അറിയാതെ കുളിമുറിയിലെ ഡ്രെയ്നേജില്‍ ഒളിപ്പിച്ച മദ്യം പുറത്തെടുക്കുന്നതിനിടെ കൈ കുടുങ്ങിയ മധ്യവയസ്‌കനെ അഗ്‌നിശമനസേന രക്ഷിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിച്ചത്. ഒരു കുടുംബത്തെയാകെ ദുഃഖത്തിലാക്കിയ ഈ വ്യാജപ്രചാരണത്തില്‍ പൊള്ളിയത് അച്ഛനും അമ്മയും മകളും അടങ്ങുന്ന ഒരു കുടുംബത്തിനാണ്. സുരാജ് വെഞ്ഞാറമ്മൂടും സൗബിനും വേഷമിട്ട ‘വികൃതി’ എന്ന സിനിമയില്‍ പ്രതിപാദിച്ചതിനു സമാനമായ ദുരനുഭവമാണ് ഈ കുടുംബത്തിനും നേരിടേണ്ടിവന്നത്.

കുളിമുറിയിലെ ഡ്രെയ്നേജ് പൈപ്പില്‍ തടസം നേരിട്ട് വെള്ളം നിറഞ്ഞപ്പോഴാണ് ഗൃഹനാഥന്‍ പൈപ്പ് വൃത്തിയാക്കാന്‍ ശ്രമിച്ചതും കൈകുടുങ്ങിയതും. രക്ഷാപ്രവര്‍ത്തനത്തിന്റെ വിഡിയോ പകര്‍ത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നു. എന്നാല്‍, ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന വ്യാജ പ്രചാരണത്തോടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കുടുംബത്തിനു പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്നില്ല. മകളുടെ കൂട്ടുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടുംബം കൂടുതല്‍ സമ്മര്‍ദത്തിലായി.

മദ്യപിച്ച് കൊച്ചി മെട്രോയില്‍ ഉറങ്ങുന്ന യാത്രക്കാരനെന്ന പേരില്‍ പ്രചരിച്ച ദൃശ്യത്തിലുണ്ടായിരുന്ന ആള്‍ നേരിട്ട അതേ അനുഭവമാണ് ഈ കുടുംബത്തിനും ഉണ്ടായത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന സഹോദരനെ കണ്ടുവരുമ്പോള്‍ ഉറങ്ങിപ്പോയതായിരുന്നു ബധിരനും മൂകനുമായ വ്യക്തി. സത്യം പുറത്തുവരുമ്പോഴേക്കും വിഡിയോ ലക്ഷണക്കണക്കിന് ആളുകളിലെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കഥ പിന്നീട് സുരാജ് വെഞ്ഞാറമ്മൂടും സൗബിനും തകര്‍ത്തഭിനയിച്ച ‘വികൃതി’ എന്ന സിനിമയ്ക്ക് ആധാരമാകുകയും ചെയ്തിരുന്നു.

ഒളിപ്പിച്ച മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന പ്രചാരണം ശരിയല്ലെന്നു മാവേലിക്കര ആഗ്‌നിശമന ഓഫിസ് അറിയിച്ചു. ഡ്രെയ്നേജ് വൃത്തിയാക്കുന്നതിനിടെ 26-ാം തീയതി രാത്രിയാണ് മധ്യവയസ്‌കന്റെ കൈ കുടുങ്ങിയത്. വീട്ടുകാര്‍ ശ്രമിച്ചിട്ടും കൈ പുറത്തെടുക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് അഗ്‌നിശമനസേനയെ നാട്ടുകാര്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ടൈല്‍സ് അടക്കം മാറ്റി ആളെ രക്ഷപ്പെടുത്തുകയായിരുന്നെന്നും ആഗ്‌നിശമനസേന പറഞ്ഞു. അഗ്‌നിശമനസേനയെ വിളിച്ച അയല്‍ക്കാരും ഇക്കാര്യം ശരിവയ്ക്കുന്നു. ‘ഡ്രെയ്നേജ് വൃത്തിയാക്കുന്നതിനിടെ കൈ കുടുങ്ങിയതിനെത്തുടര്‍ന്നാണ് അഗ്‌നിശമന സേനയെ വിളിച്ചത്’-അയല്‍വാസി മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

കുടുംബത്തിന്റെ പ്രതികരണം ഇങ്ങനെ:

”രണ്ടു ദിവസമായി ഡ്രെയ്നേജില്‍ പ്രശ്‌നമുണ്ടായിരുന്നു. പ്ലംബറെ വിളിച്ചിട്ടും എത്തിയില്ല. രണ്ടു കുളിമുറിയിലെയും വെള്ളം ഒരു പൈപ്പിലേക്കാണ് വന്നിരുന്നത്. ഡ്രെയ്നേജ് അടഞ്ഞതോടെ കുളിമുറികളില്‍ വെള്ളം നിറഞ്ഞു. ഡ്രെയ്നേജിന് അകത്ത് എന്തെങ്കിലും തടസം ഉണ്ടോ എന്നു പരിശോധിക്കുന്നതിനിടയിലാണ് കൈ കുടുങ്ങിയത്. വീട്ടുകാര്‍ ശ്രമിച്ചെങ്കിലും സ്റ്റീലിന്റെ ഭാഗമുള്ളതിനാല്‍ കൈ പുറത്തെടുക്കാനായില്ല. തുടര്‍ന്നാണ് അഗ്‌നിശമനസേനയെ വിളിച്ചതും അവര്‍ വന്ന് രക്ഷപ്പെടുത്തിയതും. ആരാണ് തെറ്റായ പ്രചാരണം നടത്തിയതെന്നു വ്യക്തമല്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് കുടുംബവുമായി ആലോചിച്ചു തീരുമാനിക്കും. മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന തെറ്റായ പ്രചാരണം ഉണ്ടായശേഷം പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. മകളുടെ കൂട്ടുകാര്‍ വിളിച്ചു ചോദിക്കുന്നതിനാല്‍ മകളും മാനസിക വിഷമത്തിലാണ്.”

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles