മലപ്പുറം: ജിന്ന് മന്ത്രിച്ചൂതിയ പഴം കഴിച്ചാൽ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന പേരിൽ നടത്തിയ തട്ടിപ്പ് പുറത്തായതോടെ തിരുനാവായയിലെ വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ പൂട്ടിച്ചു. കൊടയ്ക്കലിലെ ‘ജിൻ മഹർ’ എന്ന സ്ഥാപനമാണ് നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് അടച്ചുപൂട്ടിയത്. ജിന്നിനെ വിളിച്ചുവരുത്തി രോഗശാന്തി നൽകുമെന്നും ജിന്നിന്റെ ഉപദ്രവം ഒഴിപ്പിക്കുമെന്നും അവകാശപ്പെട്ടായിരുന്നു ഇവിടെ ചികിത്സയെന്ന പേരിലുള്ള പ്രവർത്തനം.
ആലപ്പുഴ സ്വദേശി ജമാലുദ്ദീന്റെ നേതൃത്വത്തിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. നാലുമാസം മുമ്പ് ആരംഭിച്ച കേന്ദ്രത്തിൽ ആഴ്ചയിൽ ഒരു ദിവസമായിരുന്നു തുടക്കത്തിൽ പ്രവർത്തനം; പിന്നീട് വൻ ജനത്തിരക്ക് അനുഭവപ്പെട്ടു. സ്പീക്കർ ബോക്‌സിലൂടെ അറബിയും ഉറുദുവും സംസാരിക്കുകയും മുഖംമൂടി ധരിച്ചയാളെ ജിന്നായി അവതരിപ്പിക്കുകയും ചെയ്താണ് ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. ജിന്ന് മന്ത്രിച്ചൂതിയതെന്ന് അവകാശപ്പെട്ട് ഏത്തപ്പഴം 1000 രൂപ മുതൽ 2500 രൂപ വരെ ലേലം വിളിച്ചാണ് വിൽപ്പന നടത്തിയിരുന്നത്.
പഴത്തിന്റെ തൊലി കളയാതെ സൂചി ഉപയോഗിച്ച് ഉള്ളിലെ പഴം രണ്ടായി മുറിച്ചുവെക്കുന്ന മാജിക് വിദ്യയാണ് ‘അത്ഭുതം’ എന്ന പേരിൽ അവതരിപ്പിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും തട്ടിപ്പിന്റെ രീതി പുറത്താകുകയും ചെയ്തതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തി കേന്ദ്രം പൂട്ടിച്ചത്. സംഭവത്തിൽ തിരുനാവായ പൊലീസിലും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.











Leave a Reply