ന്യൂസ് ഡെസ്ക്, മലയാളം യുകെ
2012-ൽ 40 ശതമാനമായിരുന്ന എൻ എച്ച് എസ് -ഫണ്ട് ചെയ്ത ഐ വി എഫ് സൈക്കിളുകളുടെ അനുപാതം 2022-ൽ 27% ആയി കുറഞ്ഞെന്ന് യുകെ ഫെർട്ടിലിറ്റി റെഗുലേറ്റർ, ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റിയുടെ (എച്ച് എഫ് ഇ എ ) റിപ്പോർട്ടുകൾ. ഐ വി എഫ് ചികിത്സയ്ക്കുള്ള ധനസഹായം രാജ്യത്തെ പല സ്ഥലങ്ങളിലും പലതാണ്. ഇതിന് പുറമേ ആദ്യമായി ഐ വി എഫ് ചികിത്സയ്ക്ക് വിധേയമാകാനുള്ള പ്രായം 35 ആക്കിയിരിക്കുകയാണ്. ഐ വി എഫ് ചികിത്സയുടെ വിജയ ശതമാനത്തിൽ കുറവുണ്ടായിട്ടും പ്രായം ഉയർത്തിയതിനെ വിമർശിച്ച് കൊണ്ട് പലരും രംഗത്ത് വന്നിരുന്നു.
2019 -ൽ ഏകദേശം 50,000 രോഗികൾ യുകെയിൽ ഐ വി എഫ് ചികിത്സയ്ക്ക് വിധേയരായപ്പോൾ, 2022-ൽ ഇത് 52,500 ആയി വർദ്ധിച്ചിരുന്നു. ഇംഗ്ലണ്ടിലെ ഐ വി എഫ് -നുള്ള എൻ എച്ച് എസ് ഫണ്ടിംഗ് നിർണ്ണയിക്കുന്നത് സംയോജിത കെയർ ബോർഡുകളാണ്. അതേസമയം സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ നാഷണൽ ക്രൈറ്റീരിയയുടെ അടിസ്ഥാനത്തിലാണ് ഇവ നിർണ്ണയിക്കുക.
ഐ വി എഫ് ഫണ്ടിംഗിൽ കാര്യമായ അസമത്വങ്ങൾ ഉണ്ടെന്ന് എച്ച് എഫ് ഇ എ-യിൽ നിന്നുള്ള ക്ലെയർ എറ്റിംഗ്‌ഹോസെൻ പറയുന്നു. താമസിക്കുന്ന സ്ഥലം, റിലേഷൻഷിപ്പ് സ്റ്റാറ്റസ്, രോഗിക്ക് മുൻ ബന്ധത്തിൽ നിന്ന് കുട്ടിയുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഫണ്ടിംഗിനെ സ്വാധീനിക്കുന്നതായി അവർ കൂട്ടിച്ചേർത്തു. ഇത് കൂടാതെ കറുത്തവർഗ്ഗക്കാരായ രോഗികൾക്ക് മറ്റ് രോഗികളെ അപേക്ഷിച്ച് കുറഞ്ഞ ധനസഹായമാണ് ലഭിക്കുന്നതെന്നും അവർ പറയുന്നു. യുകെയിൽ ഐ വി എഫ് വഴിയുള്ള ഗർഭധാരണ നിരക്ക് 2012-ൽ 21% ആയിരുന്നെങ്കിൽ 2022-ൽ ഇത് 31% ആയി വർദ്ധിച്ചിട്ടുണ്ട്.
Leave a Reply