വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നീ മേഖലകളിലെ എട്ട് രാജ്യങ്ങല്‍ നിന്നുള്ളവര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നത് അമേരിക്ക നിരോധിച്ചേക്കും. വലിയ ഉപകരണങ്ങള്‍ക്കാണ് നിരോധനം. എന്നാല്‍ അമേരിക്കന്‍ വിമാക്കമ്പനികളില്‍ വരുന്നവര്‍ക്ക് ഈ നിരോധനത്തില്‍ ചില ഇളവുകളും നല്‍കിയിട്ടുണ്ട്. ലാപ്ടോപ്പുകള്‍, ഐപാഡ്, ക്യാമറ തുടങ്ങിയവ കൊണ്ടുവരുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 12ഓളം എയര്‍ലൈനുകള്‍ക്ക് ഈ നിയന്ത്രണം ബാധകമാകും.
ജോര്‍ദാന്‍, ഈജിപ്റ്റ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയവയുടെ പട്ടികയിലുണ്ടെന്നാണ് കരുതുന്നത്. ഇന്ന് ഇത് സംബന്ധിച്ചുള്ള ബില്‍ അവതരിപ്പിക്കും. വിലക്കിന് കാരണം എന്താണെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടില്ല. ബില്‍ അവതരിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നാണ് കരുതുന്നത്. ഹോംലാന്‍ഡ് സെക്യൂരിറ്റി വക്താവും ട്രാന്‍സ്പോര്‍ട്ട് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ വൃത്തങ്ങളും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

മെഡിക്കല്‍ ഉപകരണങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍ അറിയിച്ചു. മറ്റുള്ളവ ഒരു കാരണവശാലും ലഗേജുകളില്‍ കൊണ്ടുവരരുതെന്ന് എയര്‍ലൈന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. ലാപ്ടോപ്പ്, ക്യാമറ, ടാബ്ലറ്റുകള്‍, ഡിവിഡി പ്ലെയറുകള്‍, ഇലക്ട്രോണിക് ഗെയിമുകള്‍ എന്നിവയാണ് കമ്പനി കൊണ്ടുവരരുതെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.