ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ പല ഭാഗങ്ങളിലും ഒരു ദന്ത ഡോക്ടറെ കാണാൻ കുടുംബങ്ങൾ 4 വർഷം വരെ കാത്തിരിക്കുന്നതായുള്ള ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ പുറത്തു വന്നു. കോൺവാളിലെയും ഡെവോണിലെയും ആളുകൾ ദന്തഡോക്ടറുടെ പക്കൽ രജിസ്റ്റർ ചെയ്യാൻ ശരാശരി 1,441 ദിവസം കാത്തിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഒരു ദന്ത ഡോക്ടറെ കാണാൻ ഈ പ്രദേശങ്ങളിലെ കുട്ടികൾ മൂന്ന് വർഷവും എട്ട് മാസവും കാത്തിരിക്കേണ്ടി വന്നതിന്റെ വിവരാവകാശ രേഖകളും പുറത്തു വന്നിട്ടുണ്ട്.
നിർഭാഗ്യവശാൽ ഈ ഞെട്ടിക്കുന്ന കണക്കുകൾ രാജ്യത്തുടനീളമുള്ള വസ്തുതയാണെന്നും യുകെയിലെ ദന്ത ചികിത്സ പ്രതിസന്ധിയിലാണെന്നും അസോസിയേഷൻ ഓഫ് ഡെൻ്റൽ ഗ്രൂപ്പിൻ്റെ ചെയർമാൻ നീൽ കാർമൈക്കൽ പറഞ്ഞു . ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ പ്രകാരം 97 ശതമാനം ആളുകൾക്കും അവർ ആഗ്രഹിച്ച സമയത്ത് ദന്ത ചികിത്സാ സഹായം ലഭിക്കാറില്ല. ഈ മാസം വാറിംഗ്ടണിൽ ദന്ത ചികിത്സയ്ക്കായി രജിസ്റ്റർ ചെയ്യാൻ പുലർച്ചെ 2.30 വരെ ആളുകൾ ക്യൂവിൽ നിന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മതിയായ ദന്ത ഡോക്ടർമാരുടെ അഭാവം ആണ് കാത്തിരിപ്പ് സമയം ഇത്രയും കൂടാനുള്ള പ്രധാനകാരണം. ദന്ത ചികിത്സയ്ക്ക് മതിയായ പരിചരണം ലഭിക്കാതെ കഷ്ടപ്പെടുന്നവരിൽ ഒട്ടേറെ യു കെ മലയാളികളും ഉൾപ്പെടുന്നുണ്ട്. പലരും തുടർചികിത്സ ആവശ്യമില്ലാത്ത ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് നാട്ടിൽ പോകുമ്പോൾ വൈദ്യസഹായം തേടിയാണ് .
Leave a Reply