കോവിഡിനെതിരെ പോരാടുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ആതുരസേവന വിഭാഗത്തിന് ഞെട്ടൽ സമ്മാനിച്ചുകൊണ്ട് ബർമിംഗ്ഹാമിൽ നിന്നുള്ള ഇന്ത്യൻ നേഴ്സ് കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. 36 വയസ്സ് മാത്രമുണ്ടായിരുന്ന അരീമ നസ്രീന്റെ മരണം യുകെയിലെ ഇന്ത്യൻ സമൂഹത്തിൽ ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്. അരീമ നസ്രീൻ ജോലി ചെയ്തിരുന്നത് ബെർമിങ്ഹാമിലെ എൻഎച്ച്എസ് ഹോസ്പിറ്റലിലായിരുന്നു. കോവിഡ് -19 നെ തുടർന്ന് അരീമ നസ്രീൻ ചികിത്സതേടിയത് ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെയാണ് . മാർച്ച് 19ന് കോവിഡിൻറെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയ അരീമ നസ്രീൻ വെന്റിലേറ്ററിൽ ആയിരുന്നു. ഇന്ന് പുലർച്ചെയാണ് മരണമടഞ്ഞത്.

മലയാളികൾ ഉൾപ്പെടെ യുകെയിൽ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിന് ഇല്ല എന്നുള്ളതാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഉള്ള സ്റ്റോക്ക് കൊറോണാ വൈറസിനെ നേരിടുന്നതിന് പര്യാപ്തവുമല്ല.