ഒക്‌ടോബര്‍ 22 നായിരുന്നു മേഘ്‌ന രാജിന്റെയും അകാലത്തില്‍ പൊലിഞ്ഞ ചിരഞ്ജീവി സര്‍ജയുടെയും കടിഞ്ഞൂല്‍ കണ്‍മണിയുടെ ജനനം. ഏറെ പ്രത്യേകത നിറഞ്ഞ ദിവസമാണിതെന്ന് കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തുന്നു

മൂന്ന് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ചിരുവിന്റെയും മേഘ്‌നയുടെയും വിവാഹം ഉറപ്പിക്കുന്നത്. ഇതൊരു വല്ലാത്ത അനുഭൂതിയും യാദൃച്ഛികതയുമാണ്. എന്റെ മരുമകന്‍ വീണ്ടും ഈ ലോകത്തേക്ക് എത്തിയിരിക്കുന്നുവെന്ന് മേഘ്‌നയുടെ അമ്മ പ്രമീള മാധ്യമങ്ങളോട് പറഞ്ഞു.
ചിരഞ്ജീവി സര്‍ജയുടെ പുനര്‍ജന്മമാണ് ഇതെന്ന് ആരാധകരും വിശ്വസിക്കുന്നു.

ബെംഗളൂരുവിലുള്ള മേഘ്‌നയുടെ വീട്ടില്‍ വച്ചായിരുന്നു അന്ന് വിവാഹനിശ്ചയം നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് ലീല പാലസില്‍ വച്ച് ചെറിയൊരു പാര്‍ട്ടിയും നടത്തിയിരുന്നു. സര്‍ജ കുടുംബത്തെ സംബന്ധിച്ചടത്തോളം ഒക്ടോബര്‍ മാസത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. ഒക്ടോബര്‍ 17 ആണ് ചിരഞ്ജീവി സര്‍ജയുടെ ജന്മദിനം. സഹോദരന്‍ ധ്രുവ് സര്‍ജയുടേത് ഒക്ടോബര്‍ ആറിനും.

കുഞ്ഞ് ജനിക്കുന്ന സമയം ചിരുവിന്റെ ചിത്രം മേഘ്‌നയുടെ അരികില്‍ വച്ചിരുന്നു. അവന്‍ ജനിച്ച ഉടന്‍ ചിരുവിനെയാണ് ഞങ്ങള്‍ ആദ്യം കാണിച്ചത്. മകന്‍ വിട്ടു പടിഞ്ഞ ഇക്കഴിഞ്ഞ നാലു മാസത്തെ ഓരോ നിമിഷവും എങ്ങനെയാണ് കടന്നുപോയതെന്ന് അറിയില്ല. ഭര്‍ത്താവ് എന്നും അടുത്തുണ്ടാകേണ്ട സമയം. എന്റെ മകളുടെ മാനസികാവസ്ഥ എത്ര വിഷമം നിറഞ്ഞതായിരുന്നു. എന്നാല്‍ ഒരു ശക്തി അവള്‍ക്കൊപ്പമുണ്ടായിരുന്നു. മേഘ്‌ന ബോള്‍ഡ് ആയ പെണ്‍കുട്ടിയാണ്. മാത്രമല്ല കുടുംബം മുഴുവന്‍ അവള്‍ക്കൊപ്പം നിന്നുവെന്ന് പിതാവ് സുന്ദര്‍രാജ് പറയുന്നു.