മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിഖ്യാത ദക്ഷിണ കൊറിയന്‍ സംവിധായകന് കിം കി ഡുക്ക് (59) അന്തരിച്ചു. ലാത്വിയയില്‍ കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്ന കിം വെള്ളിയാഴ്ച്ച മരിച്ചതായാണ് ലാത്വിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയത്.
കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തതോടെയാണ് കിം മലയാളികളിലേക്ക് ആഴത്തില്‍ ഇറങ്ങുന്നത്. ആഖ്യാന ശൈലിയും അവതരണത്തിലെ വ്യത്യസ്തതയും പ്രമേയങ്ങള്‍ നല്കുന്ന പുതുമയും കിമ്മിന്റെ സിനിമകളെ എന്നും വ്യത്യസ്തമാക്കി നിര്‍ത്തി. ഭാഷക്ക് അപ്പുറത്തേക്ക് ദൃശ്യഭംഗി കൊണ്ടും സംവിധാന മികവുകൊണ്ടും സിനിമയെ നയിച്ച പ്രതിഭാധനനായിരുന്നു കിം. 1960 ഡിസംബര്‍ 20ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്. 1995ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ ഒരു മത്സരത്തില്‍ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി. 2004ല്‍ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി.
ഹ്യൂമന്‍, സ്പേസ്, ടൈം ആന്‍ഡ് ഹ്യൂമന്‍, സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്റ് സ്പ്രിങ് എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.
Leave a Reply