തിരുവനന്തപുരം ∙ മോട്ടർ വാഹന ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടാതെയും ഹെൽമറ്റ് ധരിക്കാതെയും വാഹനം ഓടിച്ച ശേഷം വീട്ടിലെത്തുമ്പോൾ പരിശോധനയിൽ നിന്നു രക്ഷപ്പെട്ടു എന്ന് ആശ്വസിക്കാൻ വരട്ടെ. നിയമലംഘനം കണ്ടെത്തിയ മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ് വീട്ടിലെത്തിയേക്കും. ദേശീയ, സംസ്ഥാന പാതകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളാണു വകുപ്പിന്റെ മൂന്നാം കണ്ണായി പ്രവർത്തിക്കുന്നത്.

ഇവയിൽ പതിയുന്ന ചിത്രങ്ങളിൽ നിന്നു ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തി, വാഹന റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഉടമയ്ക്കു നോട്ടിസ് അയയ്ക്കുകയാണു വകുപ്പ്. ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന ചിത്രം അടക്കമുള്ള നോട്ടിസുകളാണ് ഉടമകൾക്ക് അയച്ചു നൽകുന്നത്. നോട്ടിസ് ലഭിച്ച് 15 ദിവസത്തിന് അകം 500 രൂപ പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരും.

പിഴ അടയ്ക്കാത്തവരുടെ വാഹനങ്ങളെ സംബന്ധിച്ച സേവനങ്ങൾ വാഹൻ സോഫ്റ്റ്‌വെയർ വഴി തടയും. ക്യാമറകളിൽ പതിയുന്ന ചിത്രങ്ങൾ വകുപ്പിന്റെ എറണാകുളത്തെ കൺട്രോൾ റൂം വഴി ശേഖരിച്ചാണു നോട്ടിസുകൾ അയയ്ക്കുന്നത്. ഇതിനു പുറമെ ഉദ്യോഗസ്ഥർ സ്വന്തം ക്യാമറകളിൽ പകർത്തുന്നതും ഇമെയിൽ, വാട്സാപ് മുഖേന പൊതുജനങ്ങൾ അയയ്ക്കുന്നതുമായ മോട്ടർവാഹന ലംഘനങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും അതത് ആർടിഒമാർ ശേഖരിച്ചു നോട്ടിസ് അയയ്ക്കുന്നുണ്ട്. വകുപ്പിന്റെ ഓഫിസുകളിൽ നേരിട്ടോ ഓൺലൈൻ ആയോ പിഴ അടയ്ക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും അടയ്ക്കാൻ സൗകര്യമുണ്ട്.