സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടീഷ് സിനിമ – ടെലിവിഷൻ താരം ഏൾ കാമറൂൺ വിടവാങ്ങി. 102 വയസ്സായിരുന്നു. ഇംഗ്ലീഷ് സിനിമയിലും ടെലിവിഷനിലും ഒരു കാലഘട്ടത്തിൽ ശക്തമായ സാന്നിധ്യമായിരുന്നു കാമറൂൺ. ബ്രിട്ടീഷ് സിനിമയിൽ അഭിനയിച്ച ആദ്യത്തെ കറുത്ത വംശജരായ നടന്മാരിൽ പ്രധാനിയായിരുന്ന കാമറൂൺ വാർവിക്‌ഷയറിലെ കെനിൽവർത്തിൽ ആണ് താമസിച്ചിരുന്നത്. 1951 ൽ പുറത്തിറങ്ങിയ പൂൾ ഓഫ് ലണ്ടൻ എന്ന ചിത്രത്തിലാണ് കാമറൂൺ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ദി ക്വീൻ, തണ്ടർബോൾ, ഡോക്ടർ ഹൂ എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളാണ്. സാഫയർ, സഫാരി, സിംബ, എ വാം ഡിസംബർ, ക്യൂബ, ടു ജന്റിൽമാൻ, ദി മെസ്സേജ് തുടങ്ങിയ മുപ്പത്തിനാലോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ക്രിസ്റ്റഫർ നോളന്റെ ചിത്രമായ ഇൻസെപ്ഷനിലും നിക്കോൾ കിഡ്മാൻ, സീൻ പെൻ എന്നിവർക്കൊപ്പം 2005 ൽ പുറത്തിറങ്ങിയ ‘ദി ഇന്റർപ്രെറ്റർ’ എന്ന സിനിമയിലും കാമറൂൺ അഭിനയിച്ചു.
1917 ഓഗസ്റ്റ് 8 ന് ബെർമുഡയിലെ പെംബ്രോക്കിലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പകാലത്തു തന്നെ ബ്രിട്ടീഷ് മർച്ചന്റ് നേവിയിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നാടകങ്ങളിൽ അഭിനയിച്ചു. ബാർബറ കാമറൂൺ, ഓഡ്രി ജെ പി ഗോഡോവ്സ്കി എന്നിവരായിരുന്നു ജീവിത പങ്കാളികൾ. നിരവധി ടെലിവിഷൻ ഷോകളിലും കാമറൂൺ വേഷമിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യകാല വേഷങ്ങളിലൊന്ന് ബിബിസി 1960ൽ സംപ്രേഷണം ചെയ്ത ടെലിവിഷൻ ഡ്രാമയായ ‘ദ ഡാർക്ക് മാൻ’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു.
കറുത്ത വംശജരായ അഭിനേതാക്കൾ കൂടുതലായി ബ്രിട്ടീഷ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. 2009ലെ സിബിഇ അവാർഡ് ജേതാവ് കൂടിയായ ഏൾ കാമറൂണിന്റെ വിയോഗം ചലച്ചിത്രലോകത്തിന് വലിയ നഷ്ടം തന്നെയാണ്.
Leave a Reply