ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്ലോസ്റ്റർ : യുകെ മലയാളികൾ അതിവേഗം മറക്കാൻ ആഗ്രഹിക്കുന്ന ഒരു ദുരന്തമാണ് ഇന്നലെ ഗ്ലോസ്റ്ററിൽ ഉണ്ടായത്. കാറും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികൾ മരിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് പ്രവാസി മലയാളി സമൂഹം കേട്ടത്. കൊല്ലം ഉളിയക്കോവിൽ സ്വദേശിയും പത്തനംതിട്ട മല്ലപ്പള്ളി കീഴ്‌വായ്പൂര് പടുതോട് മലയിൽ നിർമൽ രമേശിന്റെ ഭാര്യയുമായ ആർച്ച നിർമൽ (24), മൂവാറ്റുപുഴ വാളകം കുന്നയ്ക്കാൽ പാലയ്ക്കാമറ്റത്തിൽ രാജൻ പൗലോസിന്റെ മകൻ ബിൻസ് രാജൻ (34) എന്നിവരാണു മരിച്ചത്. ബിൻസിന്റെ ഭാര്യ സൗത്ത് മാറാടി മേപ്പിളിൽ കുടുംബാംഗമായ അനഘ, ഒരു വയസുള്ള റിബേക്ക, നിർമൽ രമേശ് എന്നിവർക്കു പരുക്കേറ്റു. കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. അനഘയും കുട്ടിയും ഓക്സ്‌ഫോർഡ് ആശുപത്രിയിൽ ചികിത്സയിലാണ്. നിസാര പരുക്കേറ്റ നിർമലിനെ ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.

സുഹൃത്തുക്കളായ ബിൻസും നിർമ്മലും കുടുംബസമേതം ബ്രിട്ടനിലെ ല്യൂട്ടനിൽ നിന്ന് ഓക്സ്ഫോർഡിലേക്ക് പോകും വഴി ചെൽസ്റ്റർഹാമിലെ റൗണ്ട് എബൗട്ടിൽ ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗ്ലോസ്റ്ററിനു സമീപം എ 436 ല്‍ ആന്‌ഡേവേര്‍സ്ഫോര്‍ഡ് എന്ന സ്ഥലത്താണ് അപകടമുണ്ടായത്. നാട്ടിൽ നിന്ന് കൊടുത്തയച്ച മരുന്ന് കൈപ്പറ്റുന്നതിനായി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ഇവർ. അപകട സ്ഥലത്ത് തന്നെ ബിൻസ് രാജൻ മരിച്ചു.

കഴിഞ്ഞ ആഗസ്റ്റിലാണ് ബിൻസ് രാജൻ ഭാര്യയും കുട്ടിയുമൊത്ത് യുകെയിൽ എത്തിയത്. ല്യൂട്ടൻ യൂണിവേഴ്സിറ്റിയിൽ അനഘയുടെ പഠനാവശ്യത്തിനായിരുന്നു കുടുംബസമേതമുള്ള മാറ്റം. ഖത്തറിൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന നിർമലും ഭാര്യയും ഉന്നതപഠനത്തിനാണ് യുകെയിലെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിൻസിന്റെയും ആർച്ചയുടെയും കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി യുകെ മലയാളികളുടെ നേതൃത്വത്തിൽ ധനസമാഹരണം ആരംഭിച്ചു. വലിയ മോഹങ്ങളും സ്വപ്നങ്ങളുമായി യുകെയിൽ എത്തിയവരാണ് അകാലത്തിൽ മരണമടഞ്ഞത്. തീരാവേദനയിലും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം മലയാളിസംഘടനകൾ ആരംഭിച്ചു കഴിഞ്ഞു. ഇരുവരുടെയും കുടുംബങ്ങളെ പിന്തുണയ്ക്കാൻ നമുക്കും കൈകോർക്കാം. ബിൻസിനും ആർച്ചയ്ക്കും കണ്ണീരോടെ വിട.

ധനസമാഹരണത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക

https://gofund.me/78e3e389