ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയുടെ സമ്പദ് വ്യവസ്ഥ തകർച്ചയുടെ വക്കിലാണ്. യുഎസ്, ജർമ്മനി ഉൾപ്പെടെയുള്ള മറ്റ് എല്ലാ പ്രധാന രാജ്യങ്ങളുടെയും സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച കുറവാണെന്ന് ഇൻറർനാഷണൽ മോണിറ്ററി ഫണ്ട് പ്രവചിച്ചു കഴിഞ്ഞു. 2023 – ൽ യുകെയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞിരുന്നു. ജീവിത ചിലവിനോട് അനുപാതികമായി ശമ്പളത്തിൽ മികച്ച വർദ്ധനവ് ഉണ്ടാകാത്തതു മൂലം ഒട്ടുമിക്ക മേഖലകളിലേയും ജീവനക്കാർ സമരത്തിന്റെ പാതയിലാണ്. രാജ്യത്തിൻറെ സാമ്പത്തിക ഞെരുക്കത്തിന് പല കാരണങ്ങൾ പറയുമ്പോഴും സമ്പദ് വ്യവസ്ഥയുടെ തകർച്ചയ്ക്ക് പ്രധാന കാരണമായി മൂന്നിൽ രണ്ട് ബ്രിട്ടീഷുകാരും ചൂണ്ടിക്കാണിക്കുന്നത് ബ്രെക്സിറ്റിനെയാണ്.


ദി ഇൻഡിപെൻഡൻസ് നടത്തിയ വോട്ടെടുപ്പിലാണ് തുടക്കത്തിൽ ബ്രെക്സിറ്റിനെ തുണച്ച പലരും മാറി ചിന്തിക്കാൻ തുടങ്ങിയതായുള്ള കണക്കുകൾ പുറത്തുവന്നത്. 61 ശതമാനം വോട്ടർമാരും ഈ അഭിപ്രായം വച്ച് പുലർത്തുന്നവരാണ്. ഭക്ഷ്യ വിതരണ പ്രതിസന്ധി ഉടലെടുത്തതും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങളുടെ വില കൂടിയതും ജനങ്ങളെ ബ്രെക്സിറ്റിന് എതിരെ ചിന്തിക്കാൻ പ്രേരിപ്പിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. 55 ശതമാനം പേർ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് കടന്നത് ചരക്കുകളുടെ ലഭ്യത കുറവിന് കാരണമായെന്ന അഭിപ്രായക്കാരാണ്. ബ്രെക്സിറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിയെന്നാണ് ഭൂരിപക്ഷം ജനങ്ങളും കരുതുന്നത്.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. യുകെയിലെ തൊഴിൽ അവസരങ്ങൾ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യക്കാരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കപ്പെടുന്നത് മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കുമെന്ന് കരുതിയവരാണ് മലയാളികളിൽ ഏറെയും. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലും മറ്റും ബ്രെക്സിറ്റിനെ അനുകൂലമായി പോസ്റ്റുകളും കമന്റുകളും ഇടുന്നതിലും അഭിപ്രായം സ്വരൂപിക്കുന്നതിലും മലയാളികൾ മുൻപന്തിയിലായിരുന്നു. എന്നാൽ കൂടുതൽ അവസരങ്ങൾ മലയാളികൾക്ക് യുകെയിൽ തുറന്നപ്പോൾ അത് ചൂഷണത്തിനും വഴിവച്ചു എന്ന നഗ്ന യാഥാർത്ഥ്യവും ഉണ്ട് . നേഴ്സിങ്, കെയർ വിസകൾക്കായി യുകെയിലെത്തുന്ന മലയാളികളിൽ ഭൂരിപക്ഷങ്ങളും നല്ലൊരു തുക ഏജന്റുമാർക്ക് നൽകേണ്ട സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. യുകെ യൂറോപ്യൻ യൂണിയൻ വിട്ടതിനോട് പ്രത്യക്ഷത്തിൽ ബന്ധമില്ലെങ്കിലും രാജ്യത്ത് ഉടലെടുത്ത സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥയുടെ പരിണിതഫലമാണ് ഇവയൊക്കെ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.