ഹരിതയുടെ വിവാഹം അച്ഛന്റെ സ്ഥാനത്ത് നിന്നും നടത്തി ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍. സ്വന്തം മകളെ പോലെ വളര്‍ത്തിയ കുട്ടിക്കായി ഫാ. ജോര്‍ജ് ളോഹ അല്‍പ സമയത്തേക്ക് അഴിച്ചു വെച്ച് കസവുമുണ്ടും ഷര്‍ട്ടും ധരിച്ചു. മാന്ദാമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഹരിതയുടെയും ശിവദാസിന്റെയും വിവാഹം നടന്നത്.
ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തില്‍ രണ്ട് വയസ്സുള്ളപ്പോഴാണ് ഹരിത എത്തുന്നത്. പിന്നീട് ഇതുവരെ ആ ആശ്രമത്തിന്റെ മകളായി വളര്‍ന്നു. യുപി സ്‌കൂള്‍ പഠനത്തിന് മാളയിലെ ഒരു കോണ്‍വെന്റ് സ്‌കൂളിലാക്കി. ഇതേ സ്‌കൂളിലായിരുന്നു അമ്പഴക്കാട് സ്വദേശിയായ ശിവദാസും പഠിച്ചത്.
ഒടുവില്‍ ഇവര്‍ കണ്ടത് വിവാഹ പുടവ നല്‍കാന്‍ വെള്ളിയാഴ്ച ആശ്രമത്തില്‍ എത്തിയപ്പോഴും. കുറച്ചു നാളുകള്‍ക്ക് മുമ്പ് അന്നത്തെ യുപി ക്ലാസില്‍ പഠിച്ചവര്‍ നടത്തിയ ഓണ്‍ലൈന്‍ സൗഹൃദ കൂട്ടായ്മയിലാണ് ഹരിതയും ശിവദാസും പഴയ സൗഹൃദം പങ്കിട്ടത്. യുഎഇയില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയാണ് ശിവദാസ്. ഹരിത അഹമ്മദാബാദില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്.
സൗഹൃദ കൂട്ടായ്മയിലൂടെ പരിചയം പുതുക്കിയതാണ് വിവാഹത്തിലെത്തിയത്. ശിവദാസിന്റെ വീട്ടുകാര്‍ ആശ്രമത്തില്‍ എത്തി പെണ്ണുകാണല്‍ ചടങ്ങ് നടത്തി. ദിവ്യഹൃദയാശ്രമത്തിന്റെ ഡയറക്ടറായ വികാരി അച്ഛന്റെ സ്ഥാനത്ത് നിന്ന ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടത്തി. ആശ്രമത്തിലെ മറ്റ് അന്തേവാസികള്‍ക്കും വരന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സദ്യയും ഒരുക്കിയിരുന്നു.
വിവാഹ ശേഷം വൈകുന്നേരം 80 പേരുമായി ആശ്രമത്തില്‍ നിന്നും വരന്റെ വീട്ടിലേക്ക് വിരുന്നിനും പോയി. അടുത്ത മാസം ശിവദാസ് ഹരിതയെയും കൂട്ടി ദുബായിലേക്ക് പോകും.
Leave a Reply