സ്കോട്ലൻഡിൽ മരിച്ച ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം 12-ാം തീയതിവരെ വിട്ടുതരാനാകില്ലെന്നു സ്കോട്ടിഷ് പോലീസ്. വൈദികന്റെ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ലാപ്ടോപ്പും സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചതായി മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കു സിഎംഐ സഭ ചുമതലപ്പെടുത്തിയിട്ടുള്ള വൈദികന് ഫാ.ടെബിൻ പുത്തൻപുരയ്ക്കൽ പറഞ്ഞു.
എല്ലാ അന്വേഷണങ്ങളും പൂർത്തിയാക്കി മരണകാരണത്തെക്കുറിച്ചുള്ള അന്തിമ നിഗമനത്തിലെത്തിയ ശേഷം മാത്രമേ മൃതദേഹം വിട്ടുതരാനാകുകയുള്ളൂവെന്നു ഫിസ്കൽ ഉദ്യോഗസ്ഥൻ അറിയിച്ചതായും ഫാ. ടിബിൻ കൂട്ടിചേര്‍ത്തു. കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥർ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമായി വിലയിരുത്തിയെങ്കിലും മറ്റ് അന്വേഷണങ്ങൾ പൂർത്തിയാകാത്തതിനാൽ മൃതദേഹം വിട്ടുതരാനാവില്ലെന്ന നിലപാടിലാണു പോലീസ്.
പുളിങ്കുന്നിലെ വീട്ടിൽ ആശ്വാസവുമായി ആത്മീയ, രാഷ്ട്രീയരംഗത്തെ പ്രമുഖർ. ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സിഎംഐ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി തോമസ് ചാണ്ടി എന്നിവര്‍ വൈദികന്റെ വീടു സന്ദർശിച്ചു. നേരത്തെ സ്ഥലം എംപിയായ കൊടിക്കുന്നിൽ സുരേഷ് വൈദികനെ കാണാനില്ലെന്ന വാർത്തയറിഞ്ഞ ദിവസം തന്നെ വീട്ടിലെത്തി അന്വേഷണത്തിനാവശ്യമായ കാര്യങ്ങൾ ഉറപ്പു നൽകിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഫാ. മാർട്ടിന്റെ സഹോദരനെ ഫോണിൽ വിളിച്ചിരുന്നു. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ സഹോദരനെ ഫോണിൽ ബന്ധപ്പെട്ട് അനുശോചനമറിയിച്ചു. എംഎൽഎമാരായ പി.സി. ജോർജ്, കെ.സി. ജോസഫ്, അനൂപ് ജേക്കബ്, മുൻ എംഎൽഎ മാരായ എ.എ. ഷക്കൂർ, എം. മുരളി, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, മുൻ എംപി ടി.ജെ. ആഞ്ചലോസ്,ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ തുടങ്ങിയവരാണ് വീട്ടിൽ സന്ദർശനം നടത്തിയ പ്രമുഖർ.
അതേ സമയം ഇക്കഴിഞ്ഞ വ്യാഴാഴ്ച ഫാ. മാര്‍ട്ടിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. വീണ്ടും പരിശോധന നടത്തുവാന്‍ അധികൃതര്‍ തീരുമാനിച്ചതിനെ തുടര്‍ന്നു മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ വൈകുമെന്നാണ് സൂചന. പൗരോഹിത്യ സ്വീകരണത്തിനു ശേഷം നവവൈദികൻ രണ്ടുവർഷം സഹവികാരിയായി ശുശ്രൂഷ ചെയ്ത ചെത്തിപ്പുഴ തിരുഹൃദയ ആശ്രമ ദേവാലയത്തിലാകും മൃതദേഹം സംസ്കരിക്കുക.
Leave a Reply