ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിൽ നടന്ന വെടിവയ്പ്പിൽ മരണപ്പെട്ട ബ്രിട്ടീഷ്-ഇസ്രായേൽ സഹോദരിമാരുടെ പിതാവാണ് തൻെറ മക്കളെ “സുന്ദരികളായ മാലാഖമാർ” എന്ന് വിശേഷിപ്പിച്ച് വികാരഭരിതനായി ആദരാഞ്ജലി അർപ്പിച്ചത്. 20-ഉം 15-ഉം വയസ്സുള്ള മായയും റിനാ ഡീയുമാണ് വെള്ളിയാഴ്ച ഇസ്രായേൽ സെറ്റിൽമെന്റിന് സമീപം പാലസ്തീൻ അക്രമികൾ കാർ ആക്രമിച്ചതിന് പിന്നാലെ കൊല്ലപ്പെട്ടത്. അവരുടെ 45-കാരിയായ അമ്മ ലൂസി ഡീ ആക്രമണത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിൽ തുടരുകയാണ്. ഇവരുടെ പിതാവ് റാബി ലിയോ ഡീ പിന്നിൽ മറ്റൊരു വാഹനത്തിൽ ആയിരുന്നു.
മറ്റ് മൂന്ന് കുട്ടികളുള്ള റാബി ഡീ, തന്റെ ഭാര്യ അബോധാവസ്ഥയിൽ നിന്ന് പുറത്ത് വരും എന്ന ഉറച്ച വിശ്വാസത്തിലാണ്. തൻെറ മക്കൾക്ക് എന്ത് സംഭവിച്ചു എന്ന ലൂസിയുടെ ചോദ്യത്തിനു താൻ എന്ത് മറുപടി നൽകും എന്ന് പറഞ്ഞ് അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. വെസ്റ്റ് ബാങ്കിലെ ക്ഫാർ എറ്റ്സിയോണിലെ ജൂത സെറ്റിൽമെന്റിലെ ഒരു സെമിത്തേരിയിൽ നടന്ന ശുശ്രുഷയിൽ തൻറെ മക്കൾ മാലാഖമാരായിരുന്നു, ഇനി അവർ ഞങ്ങളുടെ കാവൽ മാലാഖമായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്‌ലിംകൾക്കും ജൂതന്മാർക്കും പവിത്രമായ അൽ അഖ്‌സ പള്ളി സുരക്ഷാ പ്രതിസന്ധിയുടെ കേന്ദ്രമാണ്. കഴിഞ്ഞ ബുധനാഴ്ച ഇസ്രായേൽ പോലീസ് പള്ളി റെയ്ഡ് ചെയ്തപ്പോൾ ആയുധങ്ങളുമായുള്ള യുവാക്കൾ അവരെ തടഞ്ഞുനിർത്തിയതായി പോലീസ് വെളിപ്പെടുത്തി. പതിനഞ്ചും ഇരുപതും വയസ്സുള്ള ബ്രിട്ടീഷ്-ഇസ്രായേലി പൗരത്വമുള്ള രണ്ടു പെൺകുട്ടികൾ മരിച്ചത് ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു .
ഇസ്രയേലീ പട്ടാളം ആദ്യം അറിയിച്ചത് ജോർദാൻ വാലിയിലെ ഈ അക്രമത്തിന് കാരണം ഇസ്രയേലീ-പാലസ്തീനി ഡ്രൈവർമാർ തമ്മിലുള്ള സംഘർഷമാണെന്നാണ്. പിന്നീട് ഇസ്രയേലീ വാഹനങ്ങളിൽ മാത്രം ബുള്ളറ്റിൻ്റെ ദ്വാരങ്ങൾ കണ്ടെത്തിയ സൈന്യം, ഇത് മനഃപൂർവം നടത്തിയ ആക്രമണമാണെന്ന് അറിയിച്ചു. ബി.ബി.സി.റിപ്പോർട്ട് പ്രകാരം മരിച്ച സഹോദരിമാരുടെ കുടുംബം വെസ്റ്റ് ബാങ്കിലെ, ഇഫ്രാത്ത് എന്ന ഇസ്രയേലീ സെറ്റിൽമെന്റിലേയ്ക്ക് കുടിയേറിയവരാണ്.