ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് ഡൗണിങ് സ്ട്രീറ്റിൽ നടന്ന പാർട്ടികളെക്കുറിച്ച് അന്വേഷിക്കാൻ പോലീസ്. 2020 മുതൽ ഡൗണിംഗ് സ്ട്രീറ്റിലും വൈറ്റ്ഹാളിലും നടന്ന പാർട്ടികളെ പറ്റി പോലീസ് അന്വേഷണം ആരംഭിച്ചുവെന്ന് കമ്മീഷണർ ക്രെസിഡ ഡിക്ക് പറഞ്ഞു. സിവിൽ സർവീസ് ഉദ്യോഗസ്ഥയായ സ്യൂ ഗ്രേയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണത്തിന്റെ വിവരങ്ങൾ പോലീസിന് കൈമാറിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഗ്രേയുടെ അന്വേഷണ റിപ്പോർട്ട്‌ പൂർത്തിയായെന്നും അത് ഉടൻ പ്രസിദ്ധീകരിക്കുമെന്നും സൂചനയുണ്ട്. അതേസമയം നിയമം ലംഘിച്ചതായി പ്രധാനമന്ത്രി വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ബോറിസ് ജോൺസൺ ജനസഭയിൽ പറഞ്ഞു. ഇത് പൊതുജനങ്ങൾക്ക് വ്യക്തത നൽകുമെന്ന് അദ്ദേഹം അറിയിച്ചു. 2020 മേയിൽ യുകെ കർശന ലോക്ഡൗണിലായിരിക്കെ, പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന മദ്യവിരുന്നിൽ പങ്കെടുത്തതിന് ജോൺസൻ ക്ഷമാപണം നടത്തിയിരുന്നു. ലോക് ഡൗൺ കാലത്തെ മദ്യവിരുന്നുകൾ സംബന്ധിച്ച നിരവധി വെളിപ്പെടുത്തലുകളാണ് ഇതുവരെ ഉണ്ടായത്. 2020 ജൂണിൽ പ്രധാനമന്ത്രിയുടെ ജന്മദിന പാർട്ടി നടത്തിയെന്ന ആരോപണമാണ് ഏറ്റവും പുതിയത്.

ആദ്യ ലോക്ക്ഡൗണിൽ ബോറിസ് ജോൺസന്റെ ജന്മദിനം ആഘോഷിക്കാൻ നമ്പർ 10ൽ ജീവനക്കാർ ഒത്തുകൂടിയെന്ന് ഡൗണിംഗ് സ്ട്രീറ്റ് സമ്മതിച്ചു. 2020 ജൂൺ 19ന് നടന്ന പരിപാടിയിൽ 30 പേർ വരെ പങ്കെടുത്ത് കേക്ക് മുറിച്ചും ജന്മദിന ആശംസ പാടിയും ആഘോഷിച്ചതായി ഐടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു. അന്നത്തെ നിയന്ത്രണങ്ങൾ പ്രകാരം രണ്ടിൽ കൂടുതൽ ആളുകൾക്ക് കണ്ടുമുട്ടാൻ അനുവാദം ഉണ്ടായിരുന്നില്ല.