തൃശൂര്‍∙ കയ്പമംഗലത്തുനിന്നു ഇന്നലെ രാത്രി കാണാതായ പെട്രോൾ പമ്പ് ഉടമയുടെ മൃതദേഹം ഗുരുവായൂരിൽ റോഡുവക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കയ്പമംഗലം കാളമുറി കോഴിപ്പറമ്പിൽ കെ.കെ. മനോഹരൻ (68) ആണു കൊല്ലപ്പെട്ടത്. കയ്പമംഗലം വഴിയമ്പലത്തെ എച്ച്പി പെട്രോൾ പമ്പ് ഉടമസ്ഥനാണ്. ഗുരുവായൂർ എൽഎഫ് കോളജിനു സമീപം കുന്നംകുളം ഗുരുവായൂർ റോഡുവക്കിൽ ഇന്നു രാവിലെയാണു മൃതദേഹം കണ്ടത്. ഭാര്യ ഗീത. മക്കൾ: ലാൽ, അനൂപ് (ഇരുവരും ലണ്ടനിൽ) മകൾ: ലക്ഷ്മി.

ഇന്നലെ രാത്രി പത്തുമണിയോടെ മനോഹരൻ പെട്രോൾ പമ്പിലേക്കു പോയി. തിരികെ രണ്ടുമണിക്ക് എത്തേണ്ടയാളെ കാണാതായപ്പോൾ വീട്ടുകാർ ഫോണിൽ വിളിച്ചു. ഫോണെടുത്തയാൾ സാർ കാറിൽ ഉറങ്ങുകയാണെന്നു പറഞ്ഞു. കാറിൽ തട്ടുന്ന ശബ്ദം കേട്ടു. പിന്നീട് ഫോൺ കട്ടായി. വീണ്ടും വിളിച്ചപ്പോൾ ഫോണെടുത്തില്ല. പിന്നെ സ്വിച്ച്ഡ് ഓഫ് ആയി. ഇതോടെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. എന്നാൽ രാവിലെ റോഡരികിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മനോഹരൻ സഞ്ചരിച്ചിരുന്ന കാർ, ആഭരണങ്ങൾ, പഴ്സ്, പമ്പിലെ കലക്ഷനുണ്ടായിരുന്ന ബാഗ് എന്നിവയും കാണാതായി. കെഎൽ47 ഡി: 8181 നമ്പറിലുള്ള വെള്ള കാറാണ് കാണാതായത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്. കൈകൾ പിന്നിലേക്കു കെട്ടിവച്ചതിന്റെ ലക്ഷണങ്ങളുണ്ട്. സമീപത്തുനിന്ന് ഒട്ടിക്കുന്ന വലിയ ടേപ്പ് കണ്ടെത്തി. പൊലീസ് നായ, ഫൊറൻസിക് സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തി പരിശോധിക്കുകയാണ്.

തൃശൂരിൽ സമാനമായ രീതിയിൽ ഇന്നലെ രാത്രി നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഊബർ ടാക്സി ഡ്രൈവറെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച് രണ്ടു പേർ ചേർന്ന് ടാക്സി തട്ടിയെടുത്തതും ഇന്നലെ അർധരാത്രിയിലാണ്. ടാക്സി പിന്നീട് പൊലീസ് കാലടയിൽ നിന്നു പിടികൂടുകയായിരുന്നു. ഡ്രൈവർ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തൃശൂർ റൂറൽ പൊലീസ് പരിധിയിലാണു രണ്ടു സംഭവങ്ങളും അരങ്ങേറിയത്. രണ്ടും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.