കൊട്ടിയൂരിൽ വൈദികൻറെ പീഡനത്തിനിരയായി പ്രസവിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയുടെ കുഞ്ഞിൻറെ പിതൃത്വം സംബന്ധിച്ചുള്ള ഡിഎൻഎ പരിശോധനാ ഫലം പുറത്ത് . ഇതോടെ പിതൃത്വം റോബിൻ വടക്കുംചേരിയിലിനു തന്നെയെന്നു വ്യക്തമായി. കൊട്ടിയൂർ സെൻ സെബാസ്റ്റ്യൻ പള്ളി വികാരി ആയിരുന്ന സമയത്ത് പ്രതി പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.പീഡനക്കേസിൽ വൈദികന് ഒരുവിധത്തിലും കുറ്റവിമുക്തനാകാൻ കഴിയില്ലെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത് . പ്രതിയെ രക്ഷിക്കാൻ വൈത്തിരി അനാഥാലയത്തിൽനിന്ന് കുഞ്ഞിനെ മാറ്റിയെന്ന അഭ്യൂഹങ്ങൾക്കും ഡിഎൻഎ പരിശോധനാഫലം വന്നതോടെ അന്ത്യമായിരിക്കുകയാണ്.
ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവാണെന്ന റിപ്പോർട്ട് പൊലീസിനും കോടതിക്കും ലഭിച്ചു. ഇത് കേസിൽ വൈദികനെതിരെ ശക്തമായ തെളിവാകും. മുഖ്യപ്രതിയായ റോബിൻ വടക്കുംചേരിയുടെയും പെൺകുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിളുകൾ കോടതി നിർദേശപ്രകാരം തിരുവനന്തപുരത്തെ സംസ്ഥാന ഫോറൻസിക് സയൻസ് ലാബിലാണ് പരിശോധിച്ചത്.

പീഡനത്തിനിരയായ പെൺകുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിൽ പ്രസവിച്ചയുടൻ ചോരക്കുഞ്ഞിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇൻഫന്റ് മേരി ഫോണ്ട്‌ലിങ് ഹോമിലാണെന്ന് കണ്ടെത്തിയ പൊലീസ് അവിടെയെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.