ബ്രിട്ടനിലെ ഏറ്റവും വലിയ കെയര്‍ പ്രൊവൈഡിംഗ് കമ്പനികളിലൊന്നായ അലൈഡ് ഹെല്‍ത്ത്‌കെയര്‍ തകര്‍ച്ചയുടെ വക്കില്‍. കെയര്‍ ക്വാളിറ്റി കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസത്തിനു ശേഷം കമ്പനിയുടെ സേവനങ്ങള്‍ തുടരാന്‍ സാധ്യതയില്ലെന്ന് വാച്ച്‌ഡോഗ് അറിയിച്ചു. പതിനായിരത്തോളം പ്രായമായവരാണ് കമ്പനിയുടെ സേവനം തേടുന്നത്. ഇവരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് സിക്യുസി അറിയിച്ചു. ഇംഗ്ലണ്ടിലെ പകുതിയിലേറെ കൗണ്‍സിലുകളില്‍ കെയര്‍ സേവനങ്ങള്‍ നല്‍കുന്നത് ഈ കമ്പനിയാണ്. സേവനം തേടുന്ന വൃദ്ധര്‍ക്ക് അവ തുടര്‍ന്ന് നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് 84 ലോക്കല്‍ കൗണ്‍സിലുകള്‍ അറിയിച്ചു. കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ഈ ലോക്കല്‍ അതോറിറ്റികളുടെ സോഷ്യല്‍ കെയര്‍ പ്രവര്‍ത്തനങ്ങളില്‍ തടസങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.
9300 പെന്‍ഷനര്‍മാര്‍ക്ക് വാഷിംഗ്, ഡ്രെസിംഗ്, ഷോപ്പിംഗ്, ക്ലീനിംഗ്, ഭക്ഷണം നല്‍കല്‍ തുടങ്ങിയ സഹായങ്ങളാണ് കമ്പനി നല്‍കി വരുന്നത്. അലൈഡ് ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ നല്‍കുന്ന ഇവര്‍ക്ക് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് വിവരം നല്‍കണമെന്ന് സിക്യുസി ലോക്കല്‍ അതോറിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ബാധ്യതകള്‍ തീര്‍ക്കുന്നതിനായി കഴിഞ്ഞ ഏപ്രിലില്‍ കമ്പനി വോളണ്ടറി അറേഞ്ച്‌മെന്റിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് സിക്യുസി വെളിപ്പെടുത്തി. അതിനു ശേഷം കമ്പനിയുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും റെഗുലേറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ പ്രതിസന്ധികളൊന്നും ഇല്ലെന്നാണ് അലൈഡ് ഹെല്‍ത്ത്‌കെയറിന്റെ അവകാശവാദം. വാച്ച്‌ഡോഗിന്റെ പ്രവൃത്തി മുന്നറിയിപ്പില്ലാതെയും അപക്വവുമാണെന്നും കമ്പനി അറിയിച്ചു. ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടുകള്‍ ലഭിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍ ഡിസംബര്‍ മുതല്‍ സുഗമമായി പ്രവര്‍ത്തിക്കാനാകുമെന്ന യാതൊരു ഉറപ്പും കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് സിക്യുസി അറിയിച്ചു. നവംബര്‍ 30 വരെയുള്ള ഫണ്ടിംഗില്‍ മാത്രമേ അലൈഡ് ഹെല്‍ത്ത്‌കെയര്‍ ഉറപ്പു നല്‍കിയിട്ടുള്ളുവെന്ന് സിക്യുസി, ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഹോസ്പിറ്റല്‍സ്, ആന്‍ഡ്രിയ സറ്റ്ക്ലിഫ് വ്യക്തമാക്കി.
Leave a Reply