ലണ്ടന്‍: ശുദ്ധമായ തേന്‍ കുടിക്കുന്നത് കടുത്ത ചുമയെ അകറ്റി നിര്‍ത്തുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍. ചെറിയ ചുമയ്ക്ക് സ്ഥിരമായി ആന്റിബയോട്ടിക് മെഡിസന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഫലപ്രദമാണ് തേന്‍ പോലുള്ള പ്രകൃതിദത്തമായ മരുന്നുകളെന്നും എന്‍.എച്ച്.എസ് പുറത്തിറക്കിയ പുതിയ ഗെയിഡ്‌ലൈന്‍സില്‍ വ്യക്തമാക്കുന്നു. സമീപകാലത്ത് യു.കെയില്‍ ആന്റിബയോട്ടിക് മെഡിസിനുകളുടെ ഉപയോഗം ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ എന്‍.എച്ച്.എസ് പുതിയ ഗെയിഡ്‌ലൈന്‍സ് തയ്യാറാക്കിയിരിക്കുന്നത്. തേന്‍, ഹെര്‍ബല്‍ മരുന്നുകള്‍ എന്നിവ രണ്ടാഴ്ച്ച വരെ നീണ്ടു നില്‍ക്കുന്ന മൂക്കൊലിപ്പ്, ചുമ എന്നിവയ്ക്ക് ഫലപ്രദമായ പരിഹാരം കാണുമെന്ന് ഗെയിഡ്‌ലൈന്‍സ് വ്യക്തമാക്കുന്നു.

ആന്റിബയോട്ടിക് ഉപയോഗത്തിലൂടെ ചുമ പോലുള്ള രോഗങ്ങള്‍ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതിന് പകരം തേന്‍, ഹെര്‍ബല്‍ മരുന്നുകള്‍ എന്നീ സെല്‍ഫ് കെയര്‍ നാച്ചുറല്‍ മെഡിസിനുകള്‍ പരീക്ഷിക്കണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സും പബ്ലിക്ക് ഹെല്‍ ഇംഗ്ലണ്ട് നിര്‍ദേശിച്ചു. ഇത്തരം സെല്‍ഫ് കെയര്‍ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ഏറെ സഹായകരമാണെന്നും ഇവര്‍ പറയുന്നു. യാതൊരുവിധ മരുന്നുകളും ഇല്ലാതെ തന്നെ രണ്ടാഴ്ച്ച വരെ നീണ്ട് നില്‍ക്കുന്ന സാധാരണ ചുമയും മൂക്കൊലിപ്പും ഇല്ലാതാകുമെന്ന് പുതിയ ഗെയിഡ്‌ലൈന്‍സ് വ്യക്തമാക്കുന്നു.

രണ്ടാഴ്ച്ചക്കപ്പുറം ചുമ നീണ്ട് നില്‍ക്കുകയാണെങ്കിലോ അല്ലെങ്കില്‍ ശ്വാസ തടസം അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കിലോ ജി.പിയെ സമീപിച്ചാല്‍ മതിയെന്ന് എന്‍.എച്ച്.എസ് ഗെയിഡ്‌ലൈന്‍സ് പറയുന്നു. ആന്റിബയോട്ടിക്കുകളുടെ സ്ഥിരമായ ഉപയോഗം ശരീരത്തില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതായി നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തേന്‍ ചുമയെ പ്രതിരോധിക്കാന്‍ ഉതകുന്ന മാര്‍ഗമാണെന്ന് ഗവേഷണങ്ങള്‍ ചൂണ്ടികാണിക്കുന്നു. കൂടാതെ കലോബ അടങ്ങിയ ഹെര്‍ബല്‍ മെഡിസിനും വളരെയധികം ഫലപ്രദമാണ്. ചുമ സാധാരണ ചുമയാണോയെന്ന് പരിശോധിക്കാന്‍ നിങ്ങള്‍ക്ക് ആശുപത്രികളെ സമീപിക്കാവുന്നതാണ്. പക്ഷേ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവൂ എന്ന് ഗെയിഡ്‌ലൈന്‍സ് മുന്നറിയിപ്പ് നല്‍കുന്നു.