യു കെ :- ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ തിരഞ്ഞെടുപ്പുകളെ തടസ്സപ്പെടുത്തുവാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി ഇതിനോടകം തന്നെ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇനി അടുത്ത ഊഴം ബ്രിട്ടനിലെ ഇലക്ഷനുകൾ ആയിരിക്കുമെന്ന ഭയമാണ് ഇപ്പോൾ മുതിർന്ന രാഷ്ട്രീയക്കാർക്കിടയിലും സുരക്ഷാ ജീവനക്കാർക്ക് ഇടയിലും നിലനിൽക്കുന്നത്. യുകെ ജനാധിപത്യത്തിന് മുകളിലുള്ള വ്യക്തമായ അപകടമായി നിലനിൽക്കുന്ന എ ഐ ഡീപ്ഫെയ്ക്കുകൾ നേരിടാൻ കൂടുതൽ നടപടികൾ ഉണ്ടാകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായി മുൻ ജസ്റ്റിസ് സെക്രട്ടറി സർ റോബർട്ട് ബക്ക്‌ലാൻഡ് പറഞ്ഞു. നിലവിൽ നോർത്തേൺ അയർലൻഡ് സെലക്ട് കമ്മിറ്റിയുടെ അധ്യക്ഷനായ അദ്ദേഹം രാഷ്ട്രീയക്കാരുടെ ഡീപ്ഫെയ്ക്ക് ഓഡിയോ വീഡിയോ ക്ലിപ്പുകളെ സംബന്ധിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞു. പലപ്പോഴും പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന തരത്തിലുള്ള വീഡിയോകളാണ് രാഷ്ട്രീയക്കാരെ സംബന്ധിച്ച് ഇപ്പോൾ പുറത്തിറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിക്കുന്ന വിവരങ്ങൾ ജനാധിപത്യത്തെ തകർക്കുന്ന രീതിയിലുള്ളവയാണെന്നും, അത് ഇനി ഒരു ഭാവിയിൽ അല്ല മറിച്ച് ഇപ്പോൾ തന്നെ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2025 ജനുവരിയിൽ നടക്കേണ്ട ബ്രിട്ടനിലെ ജനറൽ ഇലക്ഷനുകളിൽ 2017 ൽ നടന്നപോലെ പല തടസ്സങ്ങളും ഉണ്ടാകാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മാഞ്ചസ്റ്റർ അരീനയിൽ നടന്ന ബോംബാക്രമണത്തെ തുടർന്ന് പോളിംഗ് ദിവസത്തിന് ഒരാഴ്ച മുമ്പ് പ്രചാരണം നിർത്തിവയ്ക്കേണ്ട സാഹചര്യമായിരുന്നു 2017 -ൽ ഉണ്ടായിരുന്നത്. വിദേശ ഇടപെടലുകളിൽ നിന്ന് തിരഞ്ഞെടുപ്പിനെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞതായി യുകെ സർക്കാർ വ്യക്തമാക്കുന്നുണ്ട്. ഇതിനായി ആഭ്യന്തര കാര്യാലയ സുരക്ഷാ മന്ത്രി ടോം തുഗെന്ധത്തിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ വർഷം ആരംഭിച്ച ഡിഫൻഡിംഗ് ഡെമോക്രസി ടാസ്‌ക്‌ഫോഴ്‌സ് ആരംഭിച്ചതായും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.


ഇത്തരത്തിൽ തിരഞ്ഞെടുപ്പുകളെ തകർക്കാനൊരുങ്ങുന്നവർ ലക്ഷ്യമിടുന്ന പല ഭീഷണികളും പുതിയതല്ല.ശക്തമായ, ജനറേറ്റീവ് എ ഐ ടൂളുകളുടെ എളുപ്പത്തിലുള്ള ലഭ്യതയാണ് ഇപ്പോഴത്തെ ഭീഷണിക്ക് ആക്കം കൂട്ടുന്നതെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ ഒരു വിഭാഗമായ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഹെഡ് ക്വാർട്ടേഴ്സ് തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ചാറ്റ്ജി പി റ്റി, ടെക്‌സ്‌റ്റ്-ടു-സ്പീച്ച്, അല്ലെങ്കിൽ ടെക്‌സ്‌റ്റ്-ടു-വീഡിയോ, സോഫ്‌റ്റ്‌വെയർ പോലുള്ള വലിയ ഭാഷാ മോഡലുകളുടെ കുതിപ്പ് എന്നിവയെല്ലാം തന്നെ തിരഞ്ഞെടുപ്പുകൾ തടസ്സപ്പെടുത്താനുള്ള മാർഗങ്ങളായി പലരും ഉപയോഗിക്കുന്നതാണ് പ്രശ്നമെന്ന് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. നവംബറിൽ, ലണ്ടൻ മേയർ സാദിഖ് ഖാന്റെ ഒരു വ്യാജ ഓഡിയോ ക്ലിപ്പ് ഫലസ്തീൻ അനുകൂല മാർച്ചിനെത്തുടർന്ന് യുദ്ധവിരാമ ദിനം വീണ്ടും ഷെഡ്യൂൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകണമെന്ന ആവശ്യമാണ് മുതിർന്ന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവയ്ക്കുന്നത്.