സ്വന്തം ലേഖകൻ

ഇലക്ട്രിസിറ്റി നിരക്കിൽ ബ്രിട്ടീഷ് ഗ്യാസ് പ്രഖ്യാപിച്ചിരിക്കുന്ന വർദ്ധന സെപ്റ്റംബർ 15 മുതൽ നിലവിൽ വരും. ആറു മില്യണിലധികം കസ്റ്റമർസിനെ ഇത് ബാധിക്കും. 12.5 ശതമാനം വർദ്ധനയാണു ബ്രിട്ടീഷ് ഗ്യാസ് നടപ്പാക്കുന്നത്. ബ്രിട്ടീഷ് ഗ്യാസിൻറെ ഇലക്ട്രിസിറ്റി കണക്ഷൻ ഉള്ള നിരവധി മലയാളികളെയും ഇത് ബാധിക്കും. ആയിരക്കണക്കിനാളുകൾ ബ്രിട്ടീഷ് ഗ്യാസിൻറെ കണക്ഷൻ ഉപേക്ഷിച്ച് മറ്റു കമ്പനികളിലേയ്ക്ക് മാറാനുള്ള തീരുമാനത്തിലാണ്. വില താരതമ്യം ചെയ്യുന്ന സൈറ്റുകളിൽ കസ്റ്റമർസിൻറെ തിരക്കാണ്. മെച്ചപ്പെട്ട ഡീലുകൾ കണ്ടെത്തുന്നതിനായി ഈ സൈറ്റുകളിൽ സെർച്ച് ചെയ്യുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കാത്ത വില വർദ്ധനയ്ക്ക് എതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

ആറു വമ്പൻ കമ്പനികളാണ് യുകെയിലെ ഇലക്ട്രിസിറ്റി, ഗ്യാസ് മാർക്കറ്റുകൾ കുത്തകയാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ഗ്യാസ്, ഇ.ഡി.എഫ് എനർജി, എൻ പവർ, ഇ ഓൺ, സ്കോട്ടിഷ് പവർ, എസ്.എസ്.ഇ എന്നിവയാണ് നിലവിൽ യുകെ എനർജി മാർക്കറ്റിനെ നിയന്ത്രിക്കുന്നത്. ബ്രിട്ടീഷ് ഗ്യാസിൻറെ സ്റ്റാൻഡാർഡ് വേരിയബിൾ താരിഫിലുള്ള കസ്റ്റമർസിനാണ് ഇരുട്ടടിയായി വിലവർദ്ധന നേരിടേണ്ടി വരുന്നത്. 2013 നു ശേഷം വില വർദ്ധിപ്പിച്ചിട്ടില്ല എന്ന ന്യായമാണ് ബ്രിട്ടീഷ് ഗ്യാസ് അമിത വില വർദ്ധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ബ്രിട്ടീഷ് ഗ്യാസിൻറെ ഇലക്ട്രിസിറ്റിയും ഗ്യാസും കണക്ഷൻ ഉള്ളവർക്ക് നല്കി വന്ന ഡ്യുവൽ ഫ്യുവൽ ഡിസ്കൗണ്ടും എടുത്തുകളഞ്ഞു. യുകെ ഗവൺമെന്റിൻറെ എനർജി പോളിസിയും ട്രാൻസ്പോർട്ട് ചാർജ് വർദ്ധനയുമാണ് വില കൂട്ടാൻ കാരണമായി ബ്രിട്ടീഷ് ഗ്യാസ് എടുത്തു കാണിക്കുന്നത്.