ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെ ഗവൺമെന്റിന്റെ പുതിയ എമർജൻസി അലേർട്ട് സിസ്റ്റത്തിന്റെ റോൾ ഔട്ട് ട്രയൽ ഈ ആഴ്ച അവസാനത്തിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. അടിയന്തിര മുന്നറിയിപ്പുകളും, തീവ്രമായ കാലാവസ്ഥയോ വെള്ളപ്പൊക്കമോ റിപ്പോർട്ട്‌ ചെയ്യുന്ന സമയത്തേക്കുള്ള മുൻ കരുതലായിട്ടാണ് ഈ സിസ്റ്റം നടപ്പിലാക്കുന്നത്. നാടിനെ ഒന്നാകെ ബാധിക്കുന്ന വിവിധ വിഷയങ്ങളുടെ തുടർ നടപടികൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്ന തരത്തിൽ പിന്നീട് ഇത് വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഞായറാഴ്ചത്തെ രാജ്യവ്യാപക ട്രയലിൽ രാവിലെ തന്നെ 4G, 5G ഫോണുകളിൽ മെസ്സേജ് ലഭിക്കും. ഇത് പോപ്പ് അപ്പ് ചെയ്യുന്ന നിലയിലാണ് ക്രമീകരണം. ഏതെങ്കിലും കാരണവശാൽ നിങ്ങളുടെ ഫോൺ സൈലന്റിൽ ആണെങ്കിൽ 10 സെക്കൻഡ് വരെ ശബ്ദവും വൈബ്രേഷനും അനുഭവപ്പെടുമെന്നും അധികൃതർ വ്യക്തമാക്കുന്നു. അത്യാഹിതം പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ മനുഷ്യ ജീവനുകൾ സുരക്ഷിതമക്കാനാണ് സിസ്റ്റം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അതുകൊണ്ട് തന്നെ ട്രയൽ റൺ നടത്തുമ്പോൾ ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും മെസ്സേജ് സ്വൈപ്പ് ചെയ്താൽ മതിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഏതെങ്കിലും കോളോ സന്ദേശമോ സ്വീകരിക്കുന്നതുപോലെ, ഡ്രൈവർമാർക്ക് അവരുടെ ഫോൺ സുരക്ഷിതമാകുന്നതുവരെ ഉപയോഗിക്കരുതെന്നും നിർദ്ദേശിക്കുന്നു. ഏകദേശം 20 രാജ്യങ്ങളിൽ ഇതിനകം തന്നെ ഇത്തരത്തിൽ അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങളുണ്ട്. യുകെയുടെ സിസ്റ്റം നിയന്ത്രിക്കുന്നത് ഗവൺമെന്റിന്റെ എമർജൻസി കോബ്ര യൂണിറ്റാണ്. അതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം.

കൂടുതൽ വിവരങ്ങൾക്ക്: gov.uk/alerts