റഷ്യൻ ലോകകപ്പ് ഫുട്ബോളിലെ വേദികളിലേക്ക് ഒരു എത്തിനോട്ടം…ഫിഷ്റ്റ് സ്റ്റേഡിയംനഗരം: സോച്ചി,
കപ്പാസിറ്റി: 48,000
2014 സോച്ചി വിന്റര്‍ ഒളിമ്പിക്സിനായി നിര്‍മിച്ച സ്റ്റേഡിയം. 2017 ഫിഫ കോണ്‍ഫെഡറേഷന്‍സ് മത്സരങ്ങള്‍ ഇവിടെ നടന്നിരുന്നു.
ഫിഷ്റ്റ് പര്‍വതത്തിന്റെ പേരിലാണ് സ്റ്റേഡിയം അറിയപ്പെടുന്നത്. കോകാസസ് പര്‍വതനിരയിലെ ഉയര്‍ന്ന കൊടുമുടിയാണ് ഫിഷ്റ്റ് പര്‍വതം. റഷ്യയിലെ പ്രാദേശിക ഭാഷയായ അഡ്യാഗെയാനില് ഫിഷ്റ്റ് എന്ന വാക്കിന് വെളുത്ത തലയെന്നാണ് അര്‍ഥം. മഞ്ഞ് നിറഞ്ഞ കൊടുമുടിയുടെ മുകള്‍വശം പോലെ സ്റ്റേഡിയത്തിന്റെ മുകള്‍ത്തട്ട് തോന്നിപ്പിക്കും.
കസാന്‍ അരീന
നഗരം: കസാന്‍,
കപ്പാസിറ്റി: 45,000
2013ലെ സമ്മര്‍ വേള്‍ഡ് യൂണിവേഴ്സിറ്റി ഗെയിംസിനുവേണ്ടി നിര്‍മിച്ചത്. ഗെയിംസ് സമാപിച്ചശേഷം ഫുട്ബോള്‍ ഗ്രൗണ്ടാക്കി മാറ്റി. 2013 ഓഗസ്റ്റില്‍ റൂബന്‍ കസാന്‍-ലോകോമോട്ടിവ് മോസ്കോ മത്സരമാണ് ഇവിടെ ആദ്യം നടന്നത്. കസാന്‍ക നദിയുടെ തീരത്തുള്ള സ്റ്റേഡിയം ഒരു വെള്ളയാമ്പല്‍ പോലെ തോന്നിക്കും.
കളിന്ഗഡ് സ്റ്റേഡിയം
നഗരം: കളിന്ഗഡ്,
കപ്പാസിറ്റി: 35,000
റഷ്യ ലോകകപ്പിനായി ഒക്സ്റ്റിയാബ്രസ്കി ദ്വീപിലാണ് കളിഗഡ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. കളിന്ഗഡിന്റെ കേന്ദ്രഭാഗത്താണ് സ്റ്റേഡിയം. കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഈ ദ്വീപിന്റെ വളര്‍ച്ചയെ ഉദ്ദേശിച്ചാണ് സ്റ്റേഡിയം നിര്‍മിച്ചത്. ലോകകപ്പിനുശേഷം സ്റ്റേഡിയത്തിനു ചുറ്റും താമസിക്കാനുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കും. ഇവയോടു ചേര്‍ന്ന് പാര്‍ക്കുകള്‍, തുറമുഖങ്ങള്‍, പെര്‍ഗോള നദിയുടെ ചുറ്റും ചിറയും നിര്‍മിക്കും.
കളിന്ഗഡ് സ്റ്റേഡിയം വിവിദോദ്ദേശ്യ സ്റ്റേഡിയമാണ്. ഫുട്ബോളിനു പുറമെ മറ്റ് കായിക വിനോദങ്ങള്‍, സംഗീത പരിപാടികള്‍ എന്നിവയും നടത്താനാകും
വോള്ഗോഗ്രഡ് അരീന
നഗരം: വോള്ഗോഗ്രഡ്,
കപ്പാസിറ്റി: 45,000
പഴയ സെന്‍ട്രല്‍ സ്റ്റേഡിയം ഇടിച്ചുനിരത്തിയ സ്ഥാനത്താണ് വോള്ഗോഗ്രഡ് അരീന നിര്‍മിച്ചിരിക്കുന്നത്. പ്രസിദ്ധമായ വോള്‍ഗ നദിയുടെ തീരത്താണ് സ്റ്റേഡിയം. മാമായേവ കുര്‍ഗാന്‍ യുദ്ധ സ്മാരകത്തിന്റെ അടിവാരത്തിലാണ് സ്ഥിതിചെയ്യുന്നത്. പ്രാദേശിക ഫുട്ബോള്‍ ആരാധകരുടെ മെക്കയെന്നാണ് അറിയപ്പെട്ടത്.
നിഷ്നി നോവ്ഗോറോഡ് സ്റ്റേഡിയം
നഗരം: നിഷ്നി നോവ്ഗോറോഡ്,
കപ്പാസിറ്റി: 45,000
രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ സ്ഥാനത്ത് സ്ഥിതിചെയ്യുന്ന സ്റ്റേഡിയം. വോള്‍ഗാ നദിയുടെയും ഒകാ നദിയുടെയും സംഗമസ്ഥാനത്ത്, അലക്സാണ്ടര്‍ നെവ്സ്കി കത്തീഡ്രലിന് അടുത്താണ് സ്റ്റേഡിയം. ഒകാ നദിയുടെ മറുകരയിലുള്ള നിഷ്നി നോവ്ഗോറോഡ് ക്രെംലിന്റെ മനോഹാരിതയും ഈ പ്രദേശം വാഗ്ദാനം ചെയ്യുന്നു.
എകാടെറിന്‍ബര്‍ഗ് അരീന
നഗരം: എകാടെറിന്‍ബര്‍ഗ്,
കപ്പാസിറ്റി: 35000
രാജ്യത്തെ പഴക്കമുള്ള ഫുട്ബോള്‍ ക്ലബ്ബുകളില്‍ ഒന്നായ എഫ്സി ഉറാലിന്റെ ഹോം ഗ്രൗണ്ട്. 1953ലാണ് സ്റ്റേഡിയം നിര്‍മിച്ചത്. സ്റ്റേഡിയത്തിനു പല അറ്റുകുറ്റപ്പണികളും നടത്തിയെങ്കിലും ഒരിക്കലും ചരിത്രപ്രസിദ്ധമായ മുഖവാരം പൊളിച്ചുമാറ്റിയില്ല. നിര്‍മിതിയിലുള്ള പൈതൃകം അധികൃതര്‍ സംരക്ഷിച്ചുപോന്നു.
സെന്റ് പീറ്റേഴ്സബര്‍ഗ് സ്റ്റേഡിയം
നഗരം: സെന്റ് പീറ്റേഴ്സ്ബര്‍ഗ്,
കപ്പാസിറ്റി: 67,000
ക്രെസ്റ്റോവ്സ്കി ദ്വീപിലെ കിരോവ് സ്റ്റേഡിയത്തിന്റെ സ്ഥാനത്താണ് സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ പുതിയ സൂപ്പര്‍ മോഡേണ്‍ സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. പ്രശസ്ത ജാപ്പനീസ് ആര്‍ക്കിടെക്ട് കിഷോ കുറോസാവയാണ് സ്റ്റേഡിയം നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നേടിയത്. 2017 കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഉദ്ഘാടന മത്സരവും ഫൈനലും ഇവിടെയായിരുന്നു. ഗള്‍ഫ് ഓഫ് ഫിന്‍ലാന്‍ഡിന്റെ തീരത്ത് സ്പെയ്സ്ഷിപ്പ് ഇറങ്ങുന്നതുപോലെയുള്ള കാഴ്ചയാണ് സ്റ്റേഡിയം നല്‍കുന്നത്. ഏഴു നിലകളുള്ള സ്റ്റേഡിയത്തിന് 79 മീറ്റര്‍ ഉയരമാണുള്ളത്.
ലോകത്തെ ഏറ്റവും ആധുനികവും സാങ്കേതികത്തികവുമുള്ള സ്റ്റേഡിയം. ഉള്ളിലേക്കു മടക്കിവയ്ക്കാവുന്ന മേല്‍ക്കൂരയും ചെരിക്കാവുന്ന ഫുട്ബോള്‍ പിച്ചുമാണ്. വര്‍ഷത്തില്‍ എല്ലാ കാലത്തും ഏതു തരത്തിലുള്ള മത്സരവും ഇവിടെ നടത്താനാകും. സ്റ്റേഡിയത്തിനുള്ളിലെ താപനില എപ്പോഴും 15 ഡിഗ്രി സെല്‍ഷസാണ്.
ലുഷ്നികി സ്റ്റേഡിയം
നഗരം: മോസ്കോ,
കപ്പാസിറ്റി: 80,000
റഷ്യ ലോകകപ്പിന്റെ പ്രധാന സ്റ്റേഡിയം. 1956ല്‍ നടന്ന സ്പാര്ടാകിഡിന് ആതിഥേയത്വം വഹിക്കുന്നതിനാണ് ഈ സ്റ്റേഡിയം നിര്‍മിച്ചത്. റഷ്യന്‍ ഫുട്ബോള്‍ ടീമിന്റെ മത്സരങ്ങളെല്ലാം ഇവിടെയാണ് നടക്കുന്നത്. 1999ലെ യൂറോപ്പ ലീഗ്, 2008ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരങ്ങള്‍ നടന്നത് ഇവിടെയായിരുന്നു. ലോകകപ്പിനായി ഇതിന്റെ നിര്‍മാണം 2013ലാണ് ആരംഭിച്ചത്. സ്റ്റേഡിയത്തിലെ അത്ലറ്റിക്സ് ട്രാക്ക് എടുത്തു മാറ്റി.
സ്പാര്ട്ക് അരീന
നഗരം: മോസ്കോ,
കപ്പാസിറ്റി: 45,000
ജനങ്ങളുടെ ടീം എന്നറിയപ്പെടുന്ന റഷ്യയില്‍ ഏറ്റവും ജനപ്രീതിയുള്ള ഫുട്ബോള്‍ ക്ലബ്ബുകളില്‍ ഒന്നായ സ്പാര്‍ടക് മോസ്കോയുടെ ഹോം ഗ്രൗണ്ട്. 1922ല്‍ ക്ലബ് സ്ഥാപിതമായപ്പോള്‍ സ്വന്തം ഗ്രൗണ്ടില്ലായിരുന്നു. 2010ല്‍ മോസ്കോയുടെ മുന്‍ വിമാനത്താവളം നിലനിന്ന ടുഷിനോ ജില്ലയില്‍ സ്പാര്‍ടക് സ്വന്തമായി 45000 പേരെ ഇരുത്താവുന്ന സ്റ്റേഡിയം നിര്‍മിച്ചു. റഷ്യയുടെ അഭിമാന സ്റ്റേഡിയമാണിത്. സ്റ്റേഡിയത്തിന്റെ മുഖപ്പില്‍ നൂറിലേറെ ചെറിയ വജ്രങ്ങളില്‍ സ്പാര്ടകിന്റെ ലോഗോ തെളിക്കുന്നു.
സമാര അരീന
നഗരം: സമാര,
കപ്പാസിറ്റി: 45,000
റേഡിയോറ്റ് സെന്റര്‍ ജില്ലയിലെ സമാരാ അരീനയുടെ നിര്‍മാണം 2014 ജൂലൈ 21നാണ് ആരംഭിച്ചത്. സ്ഫടിക കുംഭഗോപുരം പോലെയാണ് സ്റ്റേഡിയത്തിന്റെ ആകൃതി.
റോസ്റ്റോവ് അരീന
നഗരം: റോസ്റ്റോവ് ഓണ്‍ ഡോണ്‍,
കപ്പാസിറ്റി: 45,000
ഡോണ്‍ നദിയുടെ ഇടതുകരയിലാണ് റോസ്റ്റോവ് അരീന സ്ഥിതി ചെയ്യുന്നത്. നദിയില്‍ ചുറ്റിത്തിരിയുന്നതായി തോന്നുംവിധത്തിലാണ് സ്റ്റേഡിയത്തില്‍ മുകള്‍ത്തട്ട്. ഗാലറിയുടെ ഉയരക്കൂടുതല്‍ മത്സരം കാണിക്കുന്നതിനൊപ്പം റോസ്റ്റോവ് ഓണ്‍ ഡോണിന്റെ സൗന്ദര്യവും കാണികള്‍ക്കു നല്കുന്നു.
മോര്‍ഡോവിയ അരീന
നഗരം: സാരാന്സ്ക്,
കപ്പാസിറ്റി: 44,000
2010ലാണ് മോര്‍ഡോവിയ അരീനയുടെ നിര്‍മാണം ആരംഭിച്ചത്. ഈ വര്‍ഷമായിരുന്നു മോര്ഡോവിയന് ജനത റഷ്യയിലെ മറ്റു വംശങ്ങള്ക്കൊപ്പമുള്ള ഏകീകരണത്തിന്റെ 1000-ാമത്തെ വാര്‍ഷികം. നഗരത്തിന്റെ കേന്ദ്രത്തിലുള്ള സ്റ്റേഡിയം ഇന്‍സാര്‍ നദിയുടെ തീരത്താണ്. മുട്ടയുടെ ആകൃതിയിലാണ് സ്റ്റേഡിയം. മോര്‍ഡോവിയ വംശത്തിന്റെ ബഹുമാനാര്‍ഥം അവരുടെ സവിശേഷമായ ഓറഞ്ച്, ചുവപ്പ്, വെള്ള എന്നിവ സംയോജിപ്പിച്ചുള്ള നിറമാണ് സ്റ്റേഡിയത്തില്‍ പൂശിയിരിക്കുന്നത്. ലോകകപ്പിനുശേഷം സ്റ്റേഡിയത്തിന്റെ താത്കാലിക ഭാഗങ്ങള്‍ പൊളിച്ചുനീക്കി 25,000 പേരെ ഉള്‍ക്കൊള്ളിക്കുന്ന വിധത്തിലാക്കി ചുരുക്കും.
Leave a Reply