പോര്‍ച്ചുഗലിന്റെ ലോക കപ്പ് യോഗ്യത തുലാസില്‍. ലിസ്ബണില്‍ ഇന്നലെ സെര്‍ബിയക്കെതിരെ നടന്ന യോഗ്യതാ മത്സരത്തില്‍ പരാജയപ്പെട്ടതാണ് പോര്‍ച്ചുഗലിന് തിരിച്ചടിയായത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പറങ്കിപ്പട തോല്‍വി വഴങ്ങിയത്. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അലക്സാണ്ടര്‍ മിത്രോവിച് നേടിയ ഹെഡ്ഡര്‍ ഗോളാണ് പോര്‍ച്ചുഗലിന്റെ ലോക കപ്പ് സ്വപ്നങ്ങളെ തുലാസിലാക്കിയത്.

മത്സരത്തില്‍ വിജയമോ സമനിലയോ നേടിയിരുന്നെങ്കില്‍ റൊണാള്‍ഡോയ്ക്കും സംഘത്തിനും ലോക കപ്പ് യോഗ്യത ഉറപ്പാക്കാന്‍ കഴിയുമായിരുന്നു. എന്നാലിനി അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന പ്ലേ ഓഫ് റൗണ്ടിലാകും ഇനി പോര്‍ച്ചുഗലിന്റെ ലോക കപ്പ് ഭാവി നിര്‍ണയിക്കപ്പെടുക.

ഗ്രൂപ്പ് എ യില്‍ കളിച്ച 8 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റ് നേടിയാണ് സെര്‍ബിയ ലോക കപ്പിന് യോഗ്യത നേടിയിരിക്കുന്നത്. 17 പോയിന്റു നേടിയാണ് പോര്‍ച്ചുഗല്‍ പ്ലേ ഓഫ് റൗണ്ടിലേക്ക് എത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കുക. പ്ലേ ഓഫ് ഗ്രൂപ്പുകളെ തീരുമാനിക്കാനുള്ള ഡ്രോ ഈ മാസം അവസാനം നടക്കും.