കോട്ടയം: ഏറ്റുമാനൂരില്‍ കല്യാണവീട്ടുകാരും മരണവീട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഏറ്റുമാനൂരിനു സമീപം പേരൂരിലാണ് ഇരുവീടുകളിലെ ആള്‍ക്കാര്‍ തമ്മിലടിച്ചത്. സംഘര്‍ഷത്തില്‍ മരണവീട്ടിലെത്തിയ കൊച്ചുമോന്‍ (30), റിന്റോ (32), വിഷ്ണു (22), മനീഷ് (32), സെബിന്‍ (22), എന്നിവര്‍ക്കും, കല്യാണ വീട്ടിലെത്തിയ ലീന (30), മനോജ് (32), രഞ്ജിത് (23), സുജന്‍ (26), ശ്രീജിത്ത് (28), തുഷാര (26), രാജേഷ് (34), സുനില്‍ (37), തുളസീധരന്‍ (47) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയിലായ മനോജ് തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചെറുവാണ്ടൂരിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനുശേഷം പേരൂരിലെ വീട്ടിലേക്കു പോകുകയായിരുന്ന വിവാഹ സംഘവും വഴിമധ്യേ മരണവീട്ടിലുണ്ടായിരുന്നവരും തമ്മിലുണ്ടായ തര്‍ക്കം അടിയില്‍ കലാശിക്കുകയായിരുന്നു. വീതികുറഞ്ഞ റോഡില്‍നിന്ന് സംസാരിക്കുകയായിരുന്ന ആളുകളോട് വിവാഹ സംഘം എത്തിയ വാഹനത്തിലുണ്ടായിരുന്ന യുവതി മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി യുവതിയോടും ഒപ്പമുണ്ടായിരുന്നവരോടും കയര്‍ത്ത സംഘം സംഘര്‍ഷമുണ്ടാക്കുകയായിരുന്നെന്നു പറയുന്നു. യുവതി സഞ്ചരിച്ച കാറും ആക്രമിക്കപ്പെട്ടു. ആദ്യം സംഘര്‍ഷമുണ്ടായപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു പിരിച്ചുവിട്ടെങ്കിലും വീണ്ടും അക്രമമുണ്ടാകുകയായിരുന്നു.