ഡോ. ഐഷ വി

ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് ജീവൻ തിരിച്ചു കിട്ടിയ നിമിഷങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് ഉഷ എന്റെ ജീവൻ തിരിച്ചു പിടിക്കാൻ ഇടയാക്കിയ നിമിഷങ്ങൾ.
പ്രീഡിഗ്രിയ്ക്കും ഡിഗ്രിയ്ക്കും കൊല്ലം എസ് എൻ വിമൺസിൽ പഠിക്കുന്ന കാലത്ത് പരവൂർ കൊല്ലം റൂട്ടിൽ ട്രെയിനിലായിരുന്നു യാത്ര. ചിറക്കരത്താഴത്തു നിന്നും പരവൂരിലെത്തി, അഥീനയിലെ ട്യൂഷനും കഴിഞ്ഞ് നേരെ പരവൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് പ്രീഡിഗ്രി ഫസ്റ്റ് ഇയറിന് ഉച്ചയ്ക്കുള്ള ഷിഫ്റ്റായിരുന്നു. ഞാനും കനകലതയും കൂടി ലേഡീസ് വെയിറ്റിംഗ് റൂമിൽ ഇരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവിടേയ്ക്ക് മുണ്ടും നേര്യതും ധരിച്ച ഒരു സ്ത്രീ കയറി വന്നു. അവർ ഞങ്ങളെ പരിചയപ്പെട്ടു. അവർ പോളച്ചിറയിൽ ഉള്ളതാണ്. അവരുടെ മകൾ പ്രീഡിഗ്രിയ്ക്ക് തേഡ് ഗ്രൂപ്പിൽ അഡ്മിഷൻ എടുത്തിട്ടുണ്ട്. പിറ്റേന്നു മുതലേ കോളേജിൽ വന്ന് തുടങ്ങുകയുള്ളൂ. മകൾക്ക് ആ സമയത്ത് യാത്ര ചെയ്യാൻ കൂട്ടിന് കൂട്ടുകാരെ കിട്ടുമോ എന്നറിയാൻ ഇറങ്ങിയതാണ് അമ്മ. മകളുടെ പേര് ഉഷ. ഞങ്ങൾ ആ സമയത്താണ് ട്രെയിൻ കയറാൻ വരുന്നതെന്നും. കോളേജിൽ നിന്നും കൺസഷൻ റേറ്റിലുള്ള സീസൺ ടിക്കറ്റ് കിട്ടാനുള്ള സർട്ടിഫിക്കറ്റ് വാങ്ങി റെയിൽവേ സ്റ്റേഷനിൽ നിന്നും സീസൺ ടിക്കറ്റ് എടുത്താൽ യാത്രാ ചിലവ് കുറയ്ക്കാമെന്നും ഞങ്ങൾ അവരോട് പറഞ്ഞു. പിറ്റേന്ന് അവർ മകളുമായി റെയിവേ സ്റ്റേഷനിലെത്തി. ഞങ്ങളെ മകൾക്ക് പരിചയപ്പെടുത്തി. പാവടയും ഷർട്ടും ധരിച്ചൊരു പെൺകുട്ടി. ഷർട്ട് ആ കുട്ടിയ്ക്ക് അഭംഗിയായിരുന്നോയെന്ന് എനിക്കൊരു സംശയം.

അങ്ങനെ ആ ആദ്യ കാഴ്ചയ്ക്കു ശേഷം ഉഷ ഞങ്ങളോടൊപ്പമായി യാത്ര. പരവൂരിൽ നിന്നും ടെയിനിന്റെ ആദ്യ ബോഗികളിലൊന്നിൽ ഞങ്ങൾ കയറും. ട്രെയിൻ കൊല്ലത്തെത്തിയാൽ റെയിൽവേ ട്രാക്കിലൂടെ നടന്ന് കർബല ജങ്ഷനിലിറങ്ങി കോളേജിലേയ്ക്ക് പോവുകയായിരുന്നു ഫാത്തിമാ മാതാ നാഷണൽ കോളേജ്, എസ്എൻ വിമൺസ് കോളേജ്, എസ് എൻ കോളേജ് എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പതിവ്. തിരിച്ചും യാത്ര അങ്ങനെയായിരിക്കും. ഈ പതിവിന് വിരുദ്ധമായുള്ള യാത്ര കൊല്ലം എസ് എൻ കോളേജ് ജുങ്ഷനിൽ വിരുതന്മാരാരെങ്കിലും ചങ്ങല വലിച്ച് ട്രെയിൻ നിർത്തുമ്പോഴായിരിക്കും. പ്ലാറ്റ്ഫോം ഇല്ലെങ്കിലും അത്തരം സന്ദർഭങ്ങളിൽ ട്രെയിനിൽ നിന്നും ചാടിയിറങ്ങാനും വലിഞ്ഞു കയറാനുമൊന്നും ഞങ്ങൾ വിദ്യാർത്ഥികൾക്ക് തഴക്കവും വഴക്കവും ഉണ്ടായിരുന്നതിനാൽ തീരെ പ്രയാസമില്ലായിരുന്നു.

അങ്ങനെ നിത്യ പരിചയം കൊണ്ടുള്ള അമിത ആത്മവിശ്വാസത്തിലാവണം അന്ന് അങ്ങനെ ഒരബദ്ധം പറ്റിയത്. അന്നും ഞാനും ഉഷയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കനകലത കോളേജിൽ വന്നില്ല. ഷണ്ടിംഗ് ചെയ്യുന്ന ഒരു എഞ്ചിൻ അപ്പുറത്തെ ട്രാക്കിലൂടെയായിരുന്നു മുന്നോട്ട് പോയിരുന്നത്. ആ ട്രാക്കിൽ പുറകിൽ നിന്നും ട്രെയിൻ വരാൻ സാധ്യതയില്ല. സാധാരണ ആ ഭാഗത്ത് ഷണ്ടിംഗ് ചെയ്യുന്ന എഞ്ചിനുകൾ ധാരാളം കാണും . ഞാൻ ട്രാക്കിലെ തേക്കിൻ തടി കൊണ്ടുള്ള സ്ലീപ്പറുകളിൽ ചവിട്ടിയായിരുന്നു നടന്നത്. ഉഷയാകട്ടെ രണ്ട് ട്രാക്കുകൾക്കിടയിലെ ചെറുപാറ കഷണങ്ങളിലൂടെയും. ഉഷയുടെ അപ്പുറത്തെ ‘ട്രാക്കിലൂടെ മുന്നോട്ട് പോയ ഷണ്ടിംഗ് എഞ്ചിൻ ഞാൻ നടന്നിരുന്ന ട്രാക്കിൽ കയറി എന്റെ നേർക്ക് വരികയാണെന്ന കാര്യം സ്ലീപ്പറുകളിലും റെയിലുകൾ തമ്മിൽ ചേർത്തു വയ്ക്കുന്ന ഫിഷ് പ്ലേറ്റുകളിലും മാത്രം ശ്രദ്ധിച്ചു നടന്ന ഞാൻ തിരിച്ചറിഞ്ഞില്ല.

ഷണ്ടിംഗ് എഞ്ചിൻ എന്റെ തൊട്ടടുത്തെത്തിയെന്ന് ശ്രദ്ധയിൽപ്പെട്ട ഉഷ എന്നെ വേഗം വലിച്ച് ട്രാക്കിൽ നിന്നും ഉഷ നടന്നിരുന്ന ഭാഗത്തേയ്ക്കിട്ടു. ഞാനാകെ പകച്ചു പോയി. ട്രാക്കിലൂടെ ശ്രദ്ധയില്ലാതെ നടന്നതിലും വിഷമം തോന്നി. ഞാനൊന്നും സംസാരിച്ചില്ല. വളരെയടുത്തെത്തിയ ഷണ്ടിംഗ് എഞ്ചിന്റെ മുന്നിൽ നിന്നും എന്നെ രക്ഷിച്ച ഉഷയ്ക്ക് നന്ദി പറയാനും എനിക്കപ്പോൾ തോന്നിയില്ല. ഒന്നും മിണ്ടാതെ കോളേജിലേയ്ക്ക് നടന്ന എന്നെയൊന്ന് ഉഷാറാക്കാനാകണം ഉഷ ഇങ്ങനെ പറഞ്ഞു: ” ക്ലാ… ക്ലാ… ക്ലീ ക്ലീ … ക്ലൂ കൂ … സുരേഷ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന… ഏതെങ്കിലും സുരേഷിനെ ഓർത്തു കൊണ്ട് നടന്നതു കൊണ്ടാണോ ഷണ്ടിംഗ്‌ എഞ്ചിന്റെ അടിയിൽപ്പെടാൻ പോയത്?” അതിനും ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

ഉച്ചയ്ക്ക് കോളേജിലെത്തിയ ഞങ്ങൾ ഉച്ച ഭക്ഷണം കഴിച്ച് കൈ കഴുകുമ്പോഴും ഉഷ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാൻ എന്റെ മൗനം തുടർന്നു. വൈകുന്നേരമായിട്ടും എന്റെ ഭാഗത്തു നിന്നും ശ്രദ്ധക്കുറവുണ്ടായല്ലോ എന്ന ധാരണയാൽ മൂകത തന്നെയായിരുന്നു. പിന്നെ മൂന്ന് ദിവസം അവധിയായിരുന്നു. അവധി കഴിഞ്ഞ് കോളേജിലെത്തിയ ഞാൻ ഉഷയെ കണ്ടില്ല. കനകലത, ഷൈലജ, ദീപ എന്നിവർ എന്നോട് പറഞ്ഞു: ഞാൻ ഉഷയോട് പിണങ്ങിയെന്ന ധാരണയാൽ ഉഷയുടെ മനോനില തെറ്റിയെന്നും പരവൂരിൽ ജയറാം ഡോക്ടറുടെ അശ്വനി ഹോസ്പിറ്റലിൽ ചികിത്സയിൽ ആണെന്നും. അവരൊക്കെ പോയി ഉഷയെ കണ്ടെന്നും. ഉഷയ്ക്ക് എന്നെ കാണണമെന്ന് പറയുന്നുണ്ടെന്നും പറഞ്ഞു. എനിയ്ക്കാകെ വിഷമമായി. ഞാൻ വീട്ടിൽ ചെന്ന് അമ്മയോട് കാര്യം പറഞ്ഞു. അമ്മയേയും കൂട്ടി പിറ്റേന്ന് ഞാൻ അശ്വിനി ഹോസ്പിറ്റലിലേയ്ക്ക് പോയി. എന്നെ കണ്ടതും ഉഷ സന്തോഷത്തോടെ എഴുന്നേറ്റ് വന്ന് എന്റെ കൈയ്യിൽ പിടിച്ചു. ഞാൻ ഉഷ എന്നെ രക്ഷിച്ചതിന്റെ നന്ദി സൂചകമായി ചിരിച്ചു കൊണ്ട് ഉഷയുടെ കൈയ്യിലും പിടിച്ചു. കുറേ നേരം വർത്തമാനം പറഞ്ഞ ശേഷം ഞാനുമമ്മയും തിരികെ പോന്നു. ഉഷ എന്നേക്കാൾ ഒരു വയസ് മൂത്ത കുട്ടിയായിരുന്നു.

ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തായിരുന്നു ഉഷയുടെ മനോനില ആദ്യം തെറ്റുന്നത്. അന്ന് വീട്ടിലെത്തി ട്യൂഷനെടുത്തിരുന്ന അധ്യാപകന്റെ ഭാഗത്തു നിന്നുമുണ്ടായ പെരുമാറ്റദൂഷ്യമായിരുന്നു മനോനില തെറ്റാനുണ്ടായ കാരണം. അങ്ങനെ ചികിത്സയിലായിരുന്നതിനാൽ ഒൻപതാം ക്ലാസ്സിലെ പഠനം മുടങ്ങിയെന്ന കാര്യം ഉഷ പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്.. അക്കാലത്ത് സ്കൂളുകളിൽ കൗൺസിലിംഗ് ഇല്ല. അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത അന്നന്ന് കൂലിപ്പണിയെടുത്ത് കഴിഞ്ഞിരുന്ന ദളിത് കുടുംബാംഗങ്ങളായ മാതാപിതാക്കൾ ഉഷയെ ചികിത്സിച്ച് ഭേദമാക്കാനുള്ള ആർജ്ജവം കാണിച്ചു. അതിനു ശേഷം പഠനം തുടർന്ന ഉഷ പ്രീഡിഗ്രിയും ഡിഗ്രിയുമൊക്കെ പാസ്സായി. ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് സാരിയുടുത്തു വന്നിരുന്ന ഉഷ സുന്ദരിയായിരുന്നു. ഹിസ്റ്ററി നന്നായി പഠിക്കുമായിരുന്നതിനാൽ ഹിസ്റ്ററി ടീച്ചറിന്റെ അരുമ ശിഷ്യയുമായിരുന്നു. എന്റെ ജീവൻ രക്ഷിച്ച ഉഷ ഇന്ന് ജീവിച്ചിരിപ്പില്ല. വിവാഹിതയായി വർഷങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് കൂട്ടുകാരി ഷൈലജയിൽ നിന്നും അറിഞ്ഞു. ഉഷയുടെ അച്ഛനമ്മമാരും സഹോദരങ്ങളും ജീവിച്ചിരിപ്പില്ല. പഠിക്കുന്ന കാലത്ത് ഉഷ എനിക്ക് കുമാരനാശാന്റെ ” ലീല” എന്ന പുസ്തകം സമ്മാനിച്ച വിവരം ഓർമ്മചെപ്പിന്റെ മുൻ അധ്യായത്തിൽ ഞാനെഴുതിയിട്ടുണ്ട്.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.