യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരന്മാർ എബിൻ, ലിബിൻ എന്നിവരുടെ കഥ പറയുന്ന ‘വാൻ 777’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ്‌ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. റമീസ് നന്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഡിഒപിയും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്. ഓമ്‌നി വാൻ ലൈഫിലൂടെയാണ് കണ്ണൂർ ഇരിട്ടി സ്വദേശികളായ സഹോദരങ്ങൾ യൂട്യൂബിൽ പ്രശസ്തരായത്.

പിന്നീട് ടെമ്പോ ട്രാവലർ കാരവൻ സ്വന്തമാക്കി ഇവർ യാത്രകൾ നടത്തിവരികയായിരുന്നു. എന്നാൽ നിയമവിരുദ്ധമായി സ്റ്റിക്കർ വർക്കുകൾ നടത്തിയതും മോഡിഫിക്കേഷൻ നടത്തിയതും മൂലം വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. തുടർന്ന് ഇവർ കണ്ണൂർ എംവിഡി ഓഫീസിലെത്തിയപ്പോൾ സംഘർഷമുണ്ടാകുകയും സംഭവം കേസായി മാറുകയും ചെയ്തു. ഇതോടെ ഇവർ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാൽ പിടിച്ചെടുത്ത വാഹനം ഒക്‌ടോബർ 28നാണ് ഇവർക്ക് വിട്ടുകിട്ടിയത്. പിന്നീട് മോഡിഫിക്കേഷനുകൾ ഒഴിവാക്കി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

നിലവിൽ 2.08 മില്യൺ സബ്‌സ്‌ക്രൈബർമാരാണ് ഇ ബുൾജെറ്റ് യൂട്യൂബ് ചാനലിനുള്ളത്. ഇ ബുൾ ജെറ്റ് സഹോദരങ്ങൾ തങ്ങളുടെ വാഹനം അപകടകരമാകും വിധത്തിൽ രൂപമാറ്റം വരുത്തി എന്നതാണ് കേസ്. വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചു, സൈറൺ ഘടിപ്പിച്ചു, പൊതുജനങ്ങൾക്ക് ഹാനികരമാകുന്ന രീതിയിൽ ലൈറ്റും ഹോണും ഉപയോഗിക്കുകയും അതുപയോഗിച്ച് യാത്ര നടത്തുകയും ചെയ്തു, എൽ.ഇ.ഡി ലൈറ്റുകൾ വാഹനത്തിൽ ഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് 1988-ലെ മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട് ആർ.ടി.ഒ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.

നികുതി അടക്കുന്നതിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ വീഴ്ച വരുത്തിയതായും വാഹനം ഭേദഗതി ചെയ്തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഇരുവരും നിലവിൽ ജാമ്യത്തിലാണ്.