രാധാകൃഷ്ണൻ മാഞ്ഞൂർ

” മഴയായി മൂടി കിടക്കും പടി
വാതിലുമൊക്കെയും തഴുതിട്ടിരിക്കുന്നു
പുഴയാണ് വെള്ളം തികട്ടി തികട്ടി
വന്നെന്റെ മുടിയോളം മൂടുന്നു
പിന്നെയും
പഴയൊരു വീടിന്റെ
ചോരുന്ന കോലായിൽ
അകമെ നനഞ്ഞു
കിടക്ക യാണോർമ്മകൾ
മഴയിലൊലിച്ചുപോയ്
കണ്ണു നീരൊക്കെയും ”
– ആലങ്കോട് ലീലാകൃഷ്ണന്റെ കവിത

ഏതു പുഴയ്ക്കും ഒരു സഞ്ചാരപഥമുണ്ട് . ഒഴുകി … ഒഴുകി ഒടുവിൽ ഓർമ്മകളുടെ കടലിൽ അവസാനിക്കുന്ന പുഴ … ഭൂത, ഭാവി, വർത്തമാനങ്ങൾ കാലാതിവർത്തിയായി ഒഴുകുന്ന പുഴ …

ജീവിതത്തോളം സത്യസന്ധമായ ഒരു പുസ്തകത്തെപ്പറ്റിയാണ് ഇവിടെ പറഞ്ഞു വരുന്നത് .

ജീവിതമെന്ന കെട്ടുകാഴ്ചയുടെ മറു പുറങ്ങളിലേക്ക് ഗ്രന്ഥകർത്താവ് നമ്മെ കൂട്ടിക്കൊണ്ടുപോവുന്നു. ഈ പുസ്തകത്തിൻറെ പേര് ‘വഴിയറിയാതൊഴുകുന്ന പുഴ’ എന്നാണ് . അകാലത്തിലണഞ്ഞു പോയ ശ്രീ .ജോസ് പുല്ലുവേലിയുടെ പതിനാറാമത് പുസ്തകം. മാനവികതയും, പ്രകൃതിയും അതിർവരമ്പുകളില്ലാതെ സമ്മേളിക്കുന്ന ഈ പുസ്തകം ആസ്വാദക മനസ്സുകൾ കീഴടക്കി കഴിഞ്ഞു . എഴുത്തുകാരൻ തൻറെ അനുഭവ പരിസരത്തുനിന്ന് വ്യക്തികളെ “ലൈവിൽ ” നിർത്തുകയാണിവിടെ … മനുഷ്യരും, ആശയങ്ങളും എക്കാലവും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു അതെ … പുഴ പോലൊഴുകുന്ന കുറെ മനുഷ്യരുടെ ആത്മ സഞ്ചാരങ്ങൾ …. അതാണ് ഈ പുസ്തകത്തിന്റെ വിജയം … ഇതിൽ ജീവിച്ചു വിജയിച്ചവരുണ്ട് …. പരാജിതരുണ്ട് …. സമൂഹത്തിൽ വെറുക്കപ്പെട്ടവരുണ്ട് … പ്രിയ കവി പി. പി . രാമചന്ദ്രൻ എഴുതിയതു പോലെ ഞാനിവിടെ ഉണ്ടായിരുന്നുവെന്നറിയാൻ ഓരോ കിളിത്തൂവൽ നിക്ഷേപിച്ചു പോവുന്നവർ …

‘അമ്മ അലച്ചിലിന്റെ ആൾ രൂപം’ എന്ന ഒന്നാം അധ്യായത്തിൽ അമ്മയെ അനുസ്മരിക്കുന്നു. നാൽപതാം വയസ്സിൽ വിധവയാകേണ്ടി വന്നവൾ … കുട്ടിക്കാലത്ത് ‘ ഒരിടത്തൊരിടത്ത് ‘ കഥകൾ പറഞ്ഞു തന്ന എന്നെ കഥാകാരനാക്കി. അമ്മ നല്ലൊരു തയ്യൽ ജോലിക്കാരിയായിരുന്നു. നബിതിരുമേനിയോട് ഒരിക്കൽ ഒരാൾ ചോദിച്ചു ” നമ്മൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആദരിക്കേണ്ടത് ആരെയാണ് ? നബിയുടെ മറുപടി : ഒന്നാമത് അമ്മയെ, രണ്ടാമത് അമ്മയെ, മൂന്നാമത് അമ്മയെ …

പ്രശസ്ത ലോക സഞ്ചാരിയും , എഴുത്തുകാരനുമായ എ.ക്യു. മഹ്ദിയെപ്പറ്റിയാണ് ‘ ഇമ്മിണി ബല്യ യാത്രക്കാരൻ ‘ എന്ന അധ്യായത്തിൽ പറയുന്നത്. മുപ്പത്തിയഞ്ചിൽപ്പരം വർഷങ്ങളായി യാത്ര ഒരു ഹരമായി കൊണ്ടു നടക്കുന്നയാളാണ് മഹ്ദി . എസ് .കെ .പൊറ്റക്കാടിനെപ്പോലെ ഓരോ രാജ്യങ്ങൾ സന്ദർശിക്കുകയും പുസ്തകരചന നടത്തുകയും ചെയ്യുന്നു. അൻപത്തിരണ്ടു വർഷങ്ങൾക്ക് മുൻപ് പിതാവിനൊപ്പം ചെന്നൈയ്ക്ക് പോയാണ് മഹ്ദി സഞ്ചാരത്തിനു തുടക്കം കുറിച്ചത്. പൊറ്റക്കാടിന്റെ യാത്രാവിവരണം വായിച്ചതോടെ മഹ്ദിയും ഒരു ലോകസഞ്ചാരിയായി മാറുകയായിരുന്നു.

2016 നവംബർ 15 മുതൽ മാർച്ച് 30 വരെയുള്ള 500 ദിവസങ്ങളിൽ ഒരു ദിവസം ഒരു കഥ എന്ന രീതിയിൽ ഫെയ്സ്ബുക്കിൽ തുടർച്ചയായി എഴുതി റെക്കോർഡ് സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ എഴുത്തുകാരൻ സുരേഷ് തെക്കേട്ടിൽ ‘കുഞ്ഞു കഥകളുടെ തമ്പുരാൻ ‘ എന്ന ടൈറ്റിലിൽ അവതരിപ്പിക്കപ്പെടുന്നു. വള്ളുവനാടൻ ഗ്രാമത്തിൻറെ കാറ്റും നിലാവും ഈ കഥകളിലെല്ലാം തെളിഞ്ഞു കാണാം. എന്തുകൊണ്ട് കുഞ്ഞു കഥകൾ എഴുതുന്നു എന്നു ചോദിച്ചാൽ സുരേഷ് തെക്കേട്ടിലിന് മറുപടിയുണ്ട്. കഥയെന്നാൽ കുറച്ചു പദ ഭംഗികളുടെ ആവർത്തനമല്ല ഓരോ കഥയും ഓരോ ജീവിതമാണ്. എഴുത്തിൻറെ വികാര സംക്രമണം കഥാകാരന്റെ മാത്രമല്ല വായനക്കാരന്റേതു കൂടിയാണെന്ന് നാം തിരിച്ചറിയണം.

പുസ്തകത്തിലെ ടൈറ്റിൽ ലേഖനത്തിലേക്കു വരാം. ‘വഴിയറിയാതൊഴുകുന്നപ്പുഴ ‘ ‘ചിത്രാഞ്ജലിപ്പുഴ ‘ യുടെ പാരിസ്ഥിതിക തകർച്ചയെപ്പറ്റിയാണ് പറയുന്നത്. എഴുത്തുകാരന്റെ പുരയിടത്തിനു മേലറ്റത്തായിരുന്നു വീട് . കുന്നിറങ്ങി വന്ന് കുളിക്കാൻ എത്തുകയായിരുന്നു പതിവ് . പുഴയോട് ചേർത്ത് റോഡു വന്നപ്പോൾ പുതിയ വീടിനടുത്ത് പണിത് ഞങ്ങളവിടെ താമസമാക്കുകയായിരുന്നുവെന്നും അങ്ങനെ പുഴയും വീടും തമ്മിൽ കുറേക്കൂടി അടുപ്പത്തിലായെന്നും ലേഖകൻ എഴുതുന്നു. ഈ പുഴയിൽ കുളിച്ചു കയറിയപ്പോയ പൂർവ്വ സൂരികളെ സ്മരിക്കുകയും കുട്ടിക്കാലത്ത് ചിറകെട്ടി വെള്ളം തടഞ്ഞു നിർത്തി നീന്തിക്കളിച്ച ഓർമ്മകൾ കല്ലിൽ അലക്കി വെളുപ്പിച്ചൊഴുകുന്നു… ഈ പുസ്തകം ജീവിതത്തിൻറെ അനവധി ജൈവ മുഖങ്ങളെ നമുക്ക് സാക്ഷ്യപ്പെടുത്തുന്നു. പുഴയെപ്പറ്റി ഖലീൽ ജിബ്രാൻ എഴുതിയ ഒരു കഥ ഇതിൽ ലേഖകൻ ചേർത്തിരിക്കുന്നു. ഒരു മഞ്ഞുതുള്ളി ഒരിക്കൽ ദൈവത്തെ കാണാനെത്തി അവൾ പറഞ്ഞു. നാഥാ നീയെന്നെ മഞ്ഞു കൊണ്ടാണ് നിർമ്മിച്ചത്. എനിക്കതിൽ പരാതിയില്ല .പക്ഷെ എനിക്ക് വെയിലത്ത് ഇറങ്ങി നടക്കാൻ കഴിയുന്നില്ല . ഉരുകിപ്പോയാൽ പിന്നെ ഞാനില്ലല്ലോ. ദൈവം പറഞ്ഞു ഉരുകിയാൽ നിനക്കൊരു പുഴയായി മാറാനാവും. എത്രയെത്ര സ്ഥലങ്ങൾ, കാഴ്ചകൾ കണ്ട് ഒരുപാട് പേർക്ക് പ്രയോജനപ്പെട്ട് നിനക്ക് ഒഴുകാനാവും. ഒടുവിൽ ചെന്നെത്തുന്നതോ സമുദ്രത്തിൽ . അവിടെ നിൻറെ കൂട്ടുകാർ കാണും . അവരോടൊപ്പം നിനക്ക് സല്ലപിക്കാം. അവൾ പറഞ്ഞു ഞാനിതാ വെയിലത്തിറങ്ങി നടക്കാൻ പോകുന്നു. വഴികാട്ടിയ നിനക്ക് നന്ദി.

ഉപരേഖ

ഈ പുസ്തകത്തിൻറെ കവർ ചിത്രം തയ്യാറാക്കിയത് പ്രശസ്ത എഴുത്തുകാരൻ സെബാസ്റ്റ്യൻ കിളിരുപ്പറമ്പിലാണ്. ജീവിതത്തിൻറെ ഹരിതാഭയിലേക്ക് പടർന്നൊഴുകുന്ന പുഴയുടെ ദൃശ്യം , ആസ്വാദകന്റെ മനസ്സിലേക്ക് മുഖചിത്രം ആഴത്തിൽ പതിയുന്നു.

വഴിയറിയാതൊഴുകുന്ന പുഴ
ജോസ് പുല്ലുവേലി
വില – 160
പ്രസാധനം . വിതരണം
ജനകീയ വായനശാല
പൊൻകുന്നം, കോട്ടയം
ഫോൺ -9447151930