ചലച്ചിത്ര നടൻ കെടിഎസ് പടന്നയിൽ അന്തരിച്ചു. 88 വയസായിരുന്നു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. തൃപ്പൂണിത്തുറയിൽ വീട്ടിൽ വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. നാടകത്തിൽ നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്.
1990കള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. 100ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടനായിട്ടും തൃപ്പുണിത്തുറ കണ്ണംകുളങ്ങരയിൽ ചെറിയ കട നടത്തിയിരുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, അനിയൻബാവ ചേട്ടൻ ബാവ എന്നിവ ശ്രദ്ധേയ സിനിമകളാണ്.
നീണ്ട നാടക ജീവിതത്തിനൊടുവിൽ രാജസേനന്റെ ചേട്ടൻ ബാവ, അനിയൻ ബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടങ്ങിയത്. ചാൻസ് ചോദിച്ച് രാജസേനനെ കാണാൻ ചെന്ന പടന്നയിലിനെ അദ്ദേഹം അവിടെ ഇല്ല എന്ന് പറഞ്ഞു മടക്കിയെങ്കിലും, ഒരു നിമിത്തം പോലെ രാജസേനൻ അദ്ദേഹത്തെ കാണുകയും തന്റെ ചിത്രത്തിൽ ഒരു വേഷം നൽകുകയുമായിരുന്നു.
ഒരു കാലത്ത് രാജസേനൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെ.ടി.എസ്. ഹാസ്യവേഷങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച പടന്നയിലിന്റെ കഥാപാത്രങ്ങള്‍ ഇന്നും ഹിറ്റാണ്. ആദ്യത്തെ കൺമണി, ശ്രികൃഷ്ണപുരത്തെ നക്ഷത്രങ്ങൾ, വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും ഏറെ ചിരിപ്പിക്കുന്നവയാണ്.
Leave a Reply