അബുദാബി: സ്കൂളിലെ മികച്ച, സ്‌നേഹമയിയായ അധ്യാപിക.. സ്നേഹത്തോടെ പുഞ്ചിരിതൂകി കുട്ടികളെ പഠിപ്പിക്കുന്ന അവരുടെ പ്രിയ ടീച്ചർ… ഇത് സ്‌കൂളിലെ കുട്ടികളുടെ പ്രിൻസി… എന്നാൽ തന്റെ പ്രിയ മക്കളുടെ എല്ലാമായിരുന്ന പ്രിൻസി എന്ന അമ്മയുടെ കൊറോണ ബാധിച്ചുള്ള  മരിണം…  അബുദാബിയിലെ മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു വേദനയായി അവരുടെ മനസിലേക്ക്, ഹൃദയത്തിലേക്ക്‌ ആഴ്ന്നിറങ്ങുകയായിരുന്നു.

അബുദാബിലെ മലയാളികളുടെ കരളലയിപ്പിക്കുന്ന രംഗങ്ങള്‍ക്ക് ആണ് പ്രിൻസിയുടെ മരണാന്തര ചടങ്ങുകൾ സാക്ഷിയായത്. തങ്ങളുടെ എല്ലാമായിരുന്നു അമ്മയ്ക്ക് അന്ത്യ ചുംബനം നല്‍കാനാകാതെ എന്ത് സംഭവിക്കുന്നത് എന്ന് അറിയാതെ  എട്ടും പൊട്ടും തിരിയാത്ത കുട്ടികൾ ബന്ധുവിന്റെ വീട്ടിൽ… തന്റെ പാതിയായ പ്രിയതമയുടെ മുഖം അവസാനമായി ഒരു നോക്കു കാണാനാകാതെ ഭര്‍ത്താവ്, ഇവരെയെല്ലാം എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും…  പത്തനംതിട്ട കോഴഞ്ചരി പേള്‍ റീന വില്ലയില്‍ പ്രിന്‍സി റോയ് മാത്യു(46)വിനെ ഉറ്റവര്‍ അന്ത്യ യാത്രയാക്കിയത് കാണാമറയത്തുനിന്ന്, പറഞ്ഞറിയിക്കാൻ കഴിയാത്ത വേദനയോടെ.

അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ പ്രിന്‍സി ബുധനാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തന്നെ അവരെ അബുദാബിയില്‍ സംസ്‌കരിച്ചു. യുഎഇ കോവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ച് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം എത്ര അടുത്ത ബന്ധുക്കളെയും കാണിക്കാന്‍ പാടില്ല. അതുകൊണ്ട് തന്നെ പ്രിന്‍സിയുടെ ഭര്‍ത്താവ് റോയ് മാത്യു, സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കള്‍ സെറിള്‍ സാറ മാത്യു, റയാന്‍ സാമുവല്‍ മാത്യു, സിയാന്‍ ജേക്കബ് മാത്യു എന്നിവര്‍ക്കും അവസാനമായി കാണാന്‍ ഭാഗ്യമുണ്ടായില്ല.

പ്രിയതമയെ സംസ്‌കരിക്കാനായി മോര്‍ച്ചറിയില്‍ നിന്ന് ആംബുലന്‍സില്‍ കയറ്റി കൊണ്ടു പോകുന്നത് അകലെ നിന്ന് കാണാന്‍ മാത്രമായിരുന്നു റോയ് മാത്യുവിന്റെയും ബന്ധുക്കളുടെയും മറ്റും വിധി. മക്കള്‍ മൂന്നു പേരെയും മോര്‍ച്ചറിയുടെ അടുത്തേയ്ക്ക് കൊണ്ടുവന്നിരുന്നില്ല. അവര്‍ വീട്ടില്‍ ബന്ധുക്കളുടെ കൂടെയായിരുന്നു. അബുദാബി മാര്‍ തോമാ പള്ളി പ്രയര്‍ ഗ്രൂപ്പ് അംഗമായ പ്രിന്‍സി റോയ് മാത്യുവിന്റെ വിയോഗം ഏവരെയും ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു.

എപ്പോഴും മുഖത്ത് ശാന്തത പ്രകടിപ്പിച്ചിരുന്ന, അധ്യാപനവൃത്തിയെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്ന പ്രിൻസിക്ക് അന്ത്യഞ്ജലി അർപ്പികുമ്പോൾ കലങ്ങിയ മനസ്സുമായി പ്രവാസി മലയാളികൾ… ഇനിയും വേദനകൾ തരരുതേ എന്ന പ്രാർത്ഥനയോടെ…