കത്തിയെരിയുന്ന വസ്തുക്കളില്‍ നിന്നുള്ള പുക ശ്വസിച്ചാണ് ഓരോ ഫയര്‍മാനും തീ കെടുത്തല്‍ പോലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നത്. ക്യാന്‍സറിന് കാരണമാകുന്ന വാതകങ്ങള്‍ ഈ പുകയില്‍ നിറയെയുണ്ടാകാം. ഇവ ശ്വസിക്കുന്നതാണ് ഫയര്‍മാന്‍മാരിലെ ഉയര്‍ന്ന തോതിലുള്ള ക്യാന്‍സറിന് കാരണമെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ അവരുടെ യൂണിഫോമാണ് പ്രധാന വില്ലനെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ലങ്കാഷെയറിന്റെ പുതിയ പഠനം വ്യക്തമാക്കുന്നു. ഫയര്‍മാന്‍മാര്‍ ക്യാന്‍സറിന് കാരണമാകുന്ന വാതകങ്ങള്‍ ശ്വസിക്കുന്നതിലും കൂടുതല്‍ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഈ പഠനം പറയുന്നത്. ഫയര്‍ ഫൈറ്റര്‍മാരുടെ പ്രത്യേക യൂണിഫോമില്‍ മാരകമായ കെമിക്കലുകള്‍ പലപ്പോഴും പുരളാന്‍ ഇടയുണ്ട്. ഇത് കരുതലോടെ നീക്കം ചെയ്യപ്പെടാതെ ദീര്‍ഘനാള്‍ യൂണിഫോമില്‍ പറ്റിയിരിക്കുകയും ശരീരം അല്‍പ്പാല്‍പ്പമായി ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇതുവഴി ക്യാന്‍സര്‍ രോഗ സാധ്യത കൂടുന്നതായും സയന്റിഫിക് റിപ്പോര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ബ്രിട്ടീഷ് ഫയര്‍മാന്‍മാരില്‍ 75 വയസ് കഴിഞ്ഞവരില്‍ ക്യാന്‍സറിന്റെ തോത് ഉയര്‍ന്ന നിലയിലാണ്. ഇതേത്തുടര്‍ന്നാണ് ഇതിന്റെ കാരണമന്വേഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. സാധാരണക്കാരേക്കാള്‍ മൂന്നിരട്ടിയാണ് ഫയര്‍മാന്‍മാരിലെ ക്യാന്‍സര്‍ രോഗികളെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യൂണിഫോം വഴി കെമിക്കലുകള്‍ ശരീരത്തില്‍ വന്‍ തോതില്‍ കയറുന്നു എന്ന പഠന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് ഫയര്‍ ബ്രിഗേഡ്‌സ് യൂണിയന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമേരിക്കയിലെ ഫയര്‍മാന്‍മാരേക്കാള്‍ 350 ഇരട്ടി ക്യാന്‍സര്‍ രോഗ സാധ്യതയുള്ള സാഹചര്യങ്ങളിലാണ് യു.കെയിലെ ഫയര്‍മാന്‍മാര്‍ ജോലി ചെയ്യുന്നതെന്ന് പഠനം പറയുന്നു. അപകടകരമായ രീതിയില്‍ മലിനമായ ഉപകരണങ്ങളും യൂണിഫോമുമാണ് ഫയര്‍മാന്‍മാരിലെ ഉയര്‍ന്ന തോതിലുള്ള ക്യാന്‍സറിന് പ്രധാന കാരണമെന്ന് റിസര്‍ച്ചിന് നേതൃത്വം കൊടുത്ത പ്രൊഫസര്‍ അന്ന സ്റ്റെക് പറഞ്ഞു. അമേരിക്കയിലോ കാനഡയിലോ ആണ് ഇത്തരം ഒരു കണ്ടെത്തല്‍ നടക്കുന്നതെങ്കില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ ഇടപെടുന്ന സാഹചര്യമുണ്ടായേനെ. ഈ വിഷയത്തില്‍ യു.കെ അടിയന്തിരമായി കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.