കിച്ചണ്‍ കപ്‌ബോര്‍ഡുകള്‍ മനുഷ്യന് ഭീഷണിയാകുമോ? ചോദ്യം കേട്ടാല്‍ വിചിത്രമെന്ന് തോന്നാമെങ്കിലും സംഗതി വാസ്തവമാണെന്ന് പുതിയ പഠനം പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് അയോവയിലെ ഗവേഷകരാണ് ഞെട്ടിക്കുന്ന ഒരു പഠനഫലം പുറത്തു വിട്ടിരിക്കുന്നത്. ചില ആധുനിക കിച്ചണ്‍ ക്യാബിനറ്റുകള്‍ പോളി ക്ലോറിനേറ്റഡ് ബൈഫിനൈല്‍ കോമ്പൗണ്ടുകള്‍ പുറത്തു വിടുന്നുണ്ടെന്നാണ് പഠനം പറയുന്നത്. പിസിബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ രാസപദാര്‍ത്ഥങ്ങള്‍ കാന്‍സറിന് കാരണമാകുന്നതാണെന്ന് നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ട്.

ക്യാബിനറ്റുകളില്‍ ഉപയോഗിക്കുന്ന സീലന്റുകളില്‍ നിന്നാണ് ഈ അപകടകരമായ രാസവസ്തു പുറത്തു വരുന്നത്. കാന്‍സറിന് കാരണമാകുമെന്നതിനാല്‍ പിസിബിയുടെ നിര്‍മാണം 1979 മുതല്‍ അമേരിക്ക നിരോധിച്ചിട്ടുണ്ട്. എങ്കിലും ഇവയടങ്ങിയ ഒട്ടേറെ പദാര്‍ത്ഥങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഓഫീസുകളിലും അടുക്കളകളിലും വീടുകളിലും സ്‌കൂളുകളിലുമൊക്കെ ഇവയുടെ സാന്നിധ്യമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ആറാഴ്ച സമയത്ത് 16 വീടുകള്‍ക്കുള്ളിലെ പിസിബി സാന്നിധ്യം പരിശോധിച്ചാണ് പഠനം നടത്തിയത്. മൂന്ന് വിധത്തിലുള്ള പിസിബികളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്.

പിസിബി 47, പിസിബി 51, പിസിബി 68 എന്നിവയുടെ സാന്നിധ്യം അപകടകരമാം വിധം ഉയര്‍ന്നതാണെന്ന് പഠനത്തില്‍ വ്യക്തമായി. പഴക്കമേറിയ വീടുകളില്‍ കാണുന്നതിനേക്കാള്‍ താരതമ്യേന പുതിയ വീടുകളില്‍ ഇവയുടെ സാന്നിധ്യം വര്‍ദ്ധിച്ചു വരുന്നുവെന്നതാണ് അതിശയകരമായ ഒരു കാര്യം. ഈ രാസവസ്തു പുറത്തുവരുന്നത് എവിടെനിന്നാണെന്ന അന്വേഷണം ഗവേഷകരെ അടുക്കള ക്യാബിനറ്റുകളിലാണ് കൊണ്ടെത്തിച്ചത്. പുതിയ അടുക്കള ക്യാബിനറ്റുകളുടെ സീലന്റിലെ ഘടകമായ ഡൈക്ലോറോബെന്‍സോയില്‍ പെറോക്‌സൈഡ് വിഘടിച്ചാണ് ഇത് പുറത്തു വരുന്നതെന്നും വ്യക്തമായി.