ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്പ് :- ആഫ്രിക്കയ്ക്ക് പുറത്ത് ആദ്യമായി ഒരു യൂറോപ്പ്യൻ രാജ്യത്തിൽ എംപോകസിന്റെ മാരകമായ സ്ട്രെയിൻ സ്ഥിരീകരിച്ചിരിക്കുകയാണ്. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ രോഗം പടർന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വീഡനിൽ രോഗം റിപ്പോർട്ട് ചെയ്തത്. കൂടുതൽ തീവ്രമായ ക്ലാഡ് 1 എന്ന സ്‌ട്രെയിനാണ് സ്വീഡനിൽ കണ്ടെത്തിയത് എന്നുള്ളത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
യൂറോപ്യൻ രാജ്യത്തിൽ രോഗം കണ്ടെത്തിയതിന് തുടർന്ന്, വളരെ പെട്ടെന്ന് തന്നെ യുകെയിലേക്കും രോഗം എത്തുമെന്ന ആശങ്കകളാണ് ഉയർന്നിരിക്കുന്നത്. ഇന്നലെയാണ് നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് രോഗം തീവ്രമായി പടരുന്ന സാഹചര്യത്തിൽ, ലോകാരോഗ്യ സംഘടന ഇതിനെ അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. ലോകമെമ്പാടും വൈറസ് പടർന്നുപിടിക്കുന്നതിന് ഏതാനും ആഴ്‌ചകൾക്ക് മുമ്പ്, 2020 ജനുവരി അവസാനം കോവിഡിനും ലോക ആരോഗ്യ സംഘടന ഇതേ പ്രഖ്യാപനം നടത്തിയിരുന്നു. യുകെയിൽ ഉടൻതന്നെ കേസുകൾ ഉണ്ടാകുമെന്ന സൂചനയാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും നൽകിയത്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡിആർസി) പോലെയുള്ള രാജ്യങ്ങളിൽ നിലവിൽ വ്യാപകമായി പടരുന്ന എംപോക്സ്, 2022-ൽ യൂറോപ്പിൽ എത്തിയതിൽ നിന്നും വ്യത്യസ്തവും മാരകവുമായ സ്‌ട്രെയിനാണ്. നിലവിൽ പടർന്നുകൊണ്ടിരിക്കുന്ന സ്‌ട്രെയിൻ, ബാധിക്കുന്ന 20 പേരിൽ ഒരാളുടെ മരണത്തിന് കാരണമാകുന്നു എന്നത് തികച്ചും ആശങ്കാജനകമാണ്. ബ്രിട്ടനിൽ ആരോഗ്യപ്രവർത്തകർക്ക് അടിയന്തര മാർഗനിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു. മുൻപ് മങ്കിപോക്സ് എന്നറിയപ്പെട്ടിരുന്ന എംപോക്സ്, സാധാരണയായി രോഗം ബാധിച്ച വ്യക്തിയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പകരുന്നത്. രോഗം ബാധിച്ചവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴും രോഗം പകരാം. ശരീരം മുഴുവൻ ചെറിയ തരത്തിലുള്ള കുരുക്കൾ വരുന്നത് ഈ രോഗത്തിന്റെ ലക്ഷണമാണ്. യൂറോപ്പിലെ ആരോഗ്യ മേഖല മെച്ചപ്പെട്ടതായതിനാൽ മരണ നിരക്കുകൾ കുറയ്ക്കാൻ സാധിക്കും എന്ന പ്രതീക്ഷയാണ് ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ സാംക്രമിക രോഗങ്ങളിൽ വിദഗ്ധനായ പ്രൊഫസർ പോൾ ഹണ്ടർ നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമാണ് ആരോഗ്യ പ്രവർത്തകർ നൽകുന്നത്.
Leave a Reply