കൊച്ചി: ചോറ്റാനിക്കരയിൽ നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ വിധി പറയാനിരിക്കെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നാം പ്രതി രഞ്ജിത്താണ് ജയിലിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അമ്മയും കാമുകൻമാരുമാണ് കേസിലെ പ്രതികൾ. കേസിൽ അമ്മ റാണി, കാമുകൻമാരായ രഞ്ജിത്ത്, ബേസിൽ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഇന്ന് കേസിൽ വിധി പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചതെങ്കിലും പിന്നീട് 15-ാം തിയതിയിലേക്ക് വിധിപ്രസ്താവം മാറ്റിയിരുന്നു. 2013 ഒക്ടോബര്‍ 29നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റാണിയുടെ ഭർത്താവ് കഞ്ചാവ് കേസിൽപ്പെട്ട് ജയിലിലായിരുന്നു. സഹോദരൻ എന്ന വ്യാജേന കാമുകനായ ബേസിൽ റാണിക്കൊപ്പം അമ്പാടിമലയിലെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. മറ്റൊരു കാമുകനായ രഞ്ജിത്തുമായി റാണിക്ക് വർഷങ്ങളായി ബന്ധമുണ്ടായിരുന്നു.
സംഭവം നടന്ന ദിവസം കുട്ടി സ്കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന രഞ്ജിത്ത് ഉപദ്രവിക്കാൻ ശ്രമിച്ചു. റാണിയും ബേസിലും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. കുട്ടി ഉറക്കെ കരയുകയും ചെറുക്കുകയും ചെയ്തപ്പോൾ കഴുത്തിൽ മുറുക്കിപ്പിടിച്ച് എടുത്തെറിഞ്ഞു. തലയുടെ പിൻവശം ഇടിച്ചു വീണാണ് കുട്ടി മരിച്ചത്. മൃതദേഹം പിന്നീട് ടെറസിൽ ഒളിപ്പിക്കുകയായിരുന്നു.
ബേസിലും റാണിയും തിരികെയെത്തിയപ്പോൾ കുട്ടിയെ തെരഞ്ഞെങ്കിലും പിന്നീട് രഞ്ജിത്ത് തന്നെ വിവരം അറിയിക്കുകയായിരുന്നു. രഞ്ജിത്തിന്റെ ആക്രമണത്തില്‍ കുട്ടിയുടെ കൈയും വാരിയെല്ലും ഒടിയുകയും ജനനേന്ദ്രയത്തില്‍ ആറു സെന്റിമീറ്ററോളം മുറിവുമുണ്ടായിരുന്നു. റാണി തന്നെയാണ് മൃതദേഹം എവിടെ മറവ് ചെയ്യണമെന്ന് നിർദേശിച്ചത്.
പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്നുപറഞ്ഞ് റാണി ചോറ്റാനിക്കര പോലീസിലെത്തിയിരുന്നു. ഇവരുടെ മൊഴികളില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കാര്യം പുറത്തുവന്നത്.
Leave a Reply