കുളിക്കാനിറങ്ങിയ സുഹൃത്ത് മുങ്ങിത്താഴുന്നതുകണ്ട് രക്ഷിക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണമരണം. നെയ്യാറിലെ അപകടത്തിന് സാക്ഷിയായത് മകനും സഹോദരനും. സുഹൃത്തായ ശ്യാമിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിപിനുംഅപകടത്തില്‍പ്പെട്ടത്. രണ്ടുപേരും പുഴയിലെ ആഴങ്ങളില്‍ മുങ്ങിത്താഴുന്നത് കണ്ട് വിപിന്റെ മകന്‍ പ്രണവ് നിസ്സഹായനായി അലമുറയിട്ട് കരഞ്ഞത് നാട്ടുകാര്‍ക്കും മറക്കാനാകാത്ത നോവായി.

പ്രണവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അഗ്നിരക്ഷാ സേനയുടെ സഹായം തേടിയിരുന്നു. ഈ കൂട്ടത്തില്‍ രക്ഷാപ്രവര്‍ത്തകനായി എത്തിയത് വിപിന്റെ ജ്യേഷ്ഠന്‍ വിജിനായിരുന്നു. ഒടുവില്‍ സ്‌കൂബാ ടീമിലെ മുങ്ങല്‍വിദഗ്ധര്‍ നെയ്യാറിന്റെ ആഴങ്ങളിലെ ചെളിയില്‍ പുതഞ്ഞുപോയ വിപിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഈ സമയത്ത് പന്ത്രണ്ടുവയസുകാരന്‍ പ്രണവിനെ ആശ്വസിപ്പിക്കുകയായിരുന്നു വിജിന്‍.

വിപിന്‍ സമീപത്ത് തന്നെ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു. സുഹൃത്തായ ശ്യാം ഓട്ടോറിക്ഷയുമായി ഇടയ്ക്കിടെ വിപിന്റെ വര്‍ക്ഷോപ്പിലെത്താറുമുണ്ട്. ഇരുവരും അങ്ങനെയാണ് പരിചിതരായത്.

ഇതിനിടെയാണ് ഞായറാഴ്ച വിപിനും മകന്‍ പ്രണവുമാണ് പാതിരിശ്ശേരി കടവില്‍ കുളിക്കാനെത്തിയത്. വിപിന്‍ തുണി കഴുകിക്കൊണ്ടിരിക്കവെയാണ് ശ്യാം നീന്തി കുളിക്കാനായി പുഴയിലെത്തിയത്. നീന്തുന്നതിനിടെ ശ്യാം തളര്‍ന്ന് മുങ്ങിത്താഴ്ന്നു. ഇതുകണ്ട് നെയ്യാറിനെ അടുത്തറിയാവുന്ന ശ്യാം ആ ധൈര്യത്തിലാണ് ശ്യാമിനെ രക്ഷിക്കാനായി ശ്യാമിന്റെ അടുത്തേക്ക് നീന്തിയത്. ശ്യാമിനെ കൈപ്പിടിയില്‍ കിട്ടിയെങ്കിലും അടിയൊഴുക്കില്‍പ്പെട്ട് ഇരുവരും മുങ്ങിത്താഴുകയായിരുന്നു.

ഇതോടെ അപകടം മനസിലാക്കിയ പ്രണവാണ് നാട്ടുകാരെ അറിയിച്ചത്. മണിക്കൂറുകള്‍നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ വിപിനെ സ്‌കൂബാ ടീമിലെ മുങ്ങല്‍വിദഗ്ധര്‍ കണ്ടെടുത്തത്. ഒഴുക്കില്‍പ്പെട്ട് കാണാതായ ശ്യാമിനായി തിരച്ചില്‍ നടത്തിയെങ്കിലും രാത്രി എട്ടു മണിയോടെ വെളിച്ചക്കുറവും ചെളിയും അടിയൊഴുക്കും കാരണം നിര്‍ത്തിവെച്ചു.

കൃഷ്ണന്‍കുട്ടിയുടെയും ശോഭനയുടെയും മകനാണ് വിപിന്‍. വിപിന്റെ മൂത്തമകന്‍ പ്രണവ് ആറാം ക്ലാസില്‍ പഠിക്കുകയാണ്. ഇരട്ടകളായ ഇളയമക്കള്‍ കല്യാണിയും കാശിനാഥും എല്‍.കെ.ജി.യിലാണ്.