ന്യൂയോര്‍ക്ക്: ഭൂമിക്കു പുറത്ത് ആദ്യമായി ഒരു പുഷ്പം വിടര്‍ന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് സംഭവം. സീറോ ഗ്രാവിറ്റിയില്‍ ആദ്യമായാണ് ഒരു പൂ വിടരുന്നത്. അമേരിക്കന്‍ ബഹിരാകാശ ഗവേഷകന്‍ സ്‌കോട്ട് കെല്ലിയാണ് ചരിത്ര സംഭവം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. പതിമൂന്ന് ഇതളുകളുള്ള ഓറഞ്ച് നിറത്തിലുള്ള പൂവിന്റെ ചിത്രവും കെല്ലി ട്വീറ്റ് ചെയ്തു. സീറോ ഗ്രാവിറ്റിയില്‍ സസ്യങ്ങളുടെ വളര്‍ച്ചയും പുഷ്പിക്കലും പഠനവിധേയമാക്കാന്‍ നടത്തിയ പരീക്ഷണത്തിനായി വളര്‍ത്തിയ സീനിയയാണ് ബഹിരാകാശത്തു പൂക്കാലമൊരുക്കിയത്.
തലതാഴ്ത്തി നില്‍ക്കുന്ന സീനിയച്ചെടിയുടെ ചിത്രം കഴിഞ്ഞ മാസം കെല്ലി പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ഇലകളും വാടിയ നിലയിലായിരുന്നു. അത് കൊണ്ട് തന്നെ ചൊവ്വയില്‍ മനുഷ്യന് വസിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന ആശങ്കയും കെല്ലി തന്റെ ട്വീറ്റില്‍ പങ്ക് വച്ചു. ലെറ്റിയൂസും ഗോതമ്പും ഒക്കെ ഇവിടെ വളര്‍ത്തിയെങ്കിലും ഇവയൊന്നും പൂത്തില്ല.

എന്നാല്‍ സീനിയ മറ്റ് ചെടികളെപ്പോലെയല്ലെന്നും ഏത് പരിസ്ഥിതിയുമായും വേഗം ഇണങ്ങിച്ചേരുമെന്നും നാസയുടെ ബ്ലോഗില്‍ പ്രോജക്ട് മാനേജരായ ട്രെന്റ് സ്മിത്ത് പറയുന്നു. അറുപത് മുതല്‍ എണ്‍പത് ദിവസം വരെ മാത്രം മതി ഇിതിന് വളരാന്‍. ഏതായാലും പൂവിന്റെ സാനിധ്യം ബഹിരാകാശ കേന്ദ്രത്തിലുളളവര്‍ക്ക് ഒരു പുതിയ ആത്മവിശ്വാസം പകര്‍ന്നിരിക്കുന്നു.

ഭാവിയില്‍ കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്ന ബഹിരാകാശ ദൗത്യങ്ങള്‍ക്ക് സസ്യങ്ങള്‍ ഉപകാരപ്പെട്ടേക്ുമെന്നാണ് നിഗമനം. ബഹിരാരാകാശ യാത്രികര്‍ക്ക് ഭൂമിയെ ഇടക്കിടെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ ഇതിലൂടെ ഒഴിവാക്കാനാകുമെന്നും നിരീക്ഷിക്കപ്പെടുന്നു.