രാത്രി വൈകി കടലില്‍ കണ്ട പോത്തിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ രക്ഷപ്പെടുത്തി കരക്കെത്തിച്ച് മത്സ്യതൊഴിലാളികള്‍. കോഴിക്കോട് കല്ലായി കോതിപ്പാലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് കടലില്‍ നിന്ന് പോത്തിനെ രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

ബുധനാഴ്ച രാത്രി 12നാണ് എ.ടി.ഫിറോസ്, എ.ടി.സക്കീര്‍, ടി.പി.പുവാദ് എന്നിവര്‍ മീന്‍പിടിത്തത്തിനായി അറഫ ഷദ എന്ന വള്ളത്തില്‍ കടലിലേക്ക് പോയത്. കരയില്‍ നിന്ന് 2 കിലോമീറ്ററോളം ദൂരത്തെത്തി മീന്‍പിടിക്കുന്നതിനായി വല ഇട്ടപ്പോഴാണ് അസാധാരണ ശബ്ദം കേട്ടത്. ആദ്യം ഭയന്നെങ്കിലും ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് പോത്തിനെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് വല വേഗത്തില്‍ എടുത്ത ശേഷം പോത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. എന്നാല്‍, ഭയന്ന പോത്ത് അടുക്കുന്നുണ്ടായിരുന്നില്ല. വലിച്ചു വള്ളത്തില്‍ കയറ്റാനും സാധിച്ചില്ല. തുടര്‍ന്ന് അടുത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ട സല റിസ വള്ളത്തിലുള്ളവരെ സഹായത്തിനായി വിളിക്കുകയായിരുന്നു. മുഹമ്മദ് റാഫി, ദില്‍ഷാദ് എന്നിവരും എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോത്തിനെ വള്ളത്തിലേക്ക് അടുപ്പിക്കാനായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുഹമ്മദ് റാഫി വെള്ളത്തിലേക്ക് ചാടി പോത്തിന്റെ കഴുത്തിലെ കയറില്‍ മറ്റൊരു കയര്‍ കെട്ടിയാണ് അതിനെ വള്ളത്തിലേക്ക് അടുപ്പിച്ചത്. ഇതിനിടയില്‍ പോത്തിന്റെ ചവിട്ടടക്കം ഇവര്‍ക്ക് ഏല്‍ക്കേണ്ടിവന്നു. പിന്നീട് പോത്തിനെ വള്ളത്തോട് ചേര്‍ത്ത് നിര്‍ത്തി തിരികെ കരയിലേക്കു യാത്ര തിരിച്ചു. വളരെ സാവധാനത്തില്‍ മാത്രമാണ് സഞ്ചരിക്കാനായത്. വേഗത കൂട്ടുമ്പോള്‍ പോത്ത് വെള്ളത്തിലേക്ക് താഴ്ന്നു പോകുന്ന സ്ഥിതിയായിരുന്നു.

ഒടുവില്‍ രാവിലെ എട്ടു മണിയോടെയാണ് പോത്തിനെ കരയിലെത്തിച്ചത്. മീന്‍ പിടിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു ദിവസത്തെ വരുമാനം നഷ്ടമായെങ്കിലും ജീവനുള്ള പോത്തിനെ കടലിലുപേക്ഷിച്ച് പോരാന്‍ മനസ് വന്നില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഫിറോസ്   പറഞ്ഞു. കരയിലെത്തിച്ച പോത്തിനെ പിന്നീട് ഇവര്‍ ഉടമക്ക് കൈമാറി.