യുഎസിലെ ലൊസാഞ്ചലസില്‍ പടർന്ന കാട്ടുതീയിൽ കത്തിയമർന്ന് കോടീശ്വരൻമാരുടെ വീടുകളും സ്വത്തുക്കളും. തിങ്കളാഴ്ച അര്‍ധ രാത്രി ആളിക്കത്തിയ തീയിൽനിന്നു രക്ഷ തേടി അതിപ്രശസ്തരായവരുൾപ്പെടെ വീടുവിട്ടുപോയി. സമ്പന്നർ താമസിക്കുന്ന ബ്രെന്റ്‍വുഡ് ഉൾപ്പെടെയുള്ള മേഖലകളിൽനിന്ന് ആൾക്കാർ ഉടൻ ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ നിർദേശം നൽകിക്കഴിഞ്ഞു. ബാസ്കറ്റ് ബോൾ സൂപ്പർസ്റ്റാർ ലെബ്രോൺ ജെയിംസ്, ഹോളിവുഡ് താരങ്ങൾ, നിർമാതാക്കൾ, മാധ്യമ സ്ഥാപന ഉടമകൾ തുടങ്ങിയവർ താമസിക്കുന്ന മേഖലയാണിത്.

ലൊസാഞ്ചലസ് ലേക്കേർസിലെ താരമായ ലെബ്രോൺ ജെയിംസ് അതിരാവിലെ തന്നെ ഭാര്യയ്ക്കും മൂന്നു കുട്ടികൾക്കുമൊപ്പം വീടുവിട്ടതായി പ്രതികരിച്ചു. വീട് ഒഴിയുകയാണെന്നും കുടുംബത്തിനു താമസിക്കാൻ ഇടം അന്വേഷിക്കുകയാണെന്നും പുലർച്ചെ നാലു മണിക്ക് താരം ട്വിറ്ററിൽ കുറിച്ചു. എട്ട് ബെഡ്റൂം ഉള്ള 23 ദശലക്ഷം ഡോളർ മൂല്യമുള്ള വീടാണ് താരത്തിനു ബ്രെന്റ്‍വുഡിലുള്ളത്. കനത്ത പുകയും കരിയും നിറഞ്ഞ അന്തരീക്ഷത്തിൽ ഹെലികോപ്റ്ററിലെത്തി വെള്ളമൊഴിക്കുകയാണ് അധികൃതർ ചെയ്യുന്നത്. കാട്ടുതീയിൽനിന്നു രക്ഷതേടി ഒഴിഞ്ഞുപോയവരില്‍ നടനും മുൻ കലിഫോർണിയ ഗവര്‍ണറുമായ അര്‍നോൾഡ് ഷൊസ്നെഗറും ഉൾപ്പെടുന്നു. ഒഴിപ്പിക്കൽ തുടരുന്ന പ്രദേശങ്ങളിൽ ആരെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്നു പുറത്തുകടക്കണമെന്ന് അദ്ദഹം അറിയിച്ചു.

ഷൊസ്നെഗറിന്റെ ഏറ്റവും പുതിയ സിനിമയായ ‘െടർമിനേറ്റർ: ദ് ഡാർക്ക് ഫെയ്സ്’ന്റെ റെഡ് കാർപറ്റ് പ്രീമിയർ തീപിടിത്തത്തെ തുടര്‍ന്നു റദ്ദാക്കി. തീപിടിത്തമുണ്ടായതിന് മൈലുകൾ അകലെ ഹോളിവുഡിലാണു സിനിമയുടെ പ്രദർശനം തീരുമാനിച്ചിരുന്നത്. അതിനായി ഏർപ്പാടാക്കിയ ഭക്ഷണം കുടിയൊഴിപ്പിക്കപ്പെട്ടവർ താമസിക്കുന്ന ഇടങ്ങളിൽ വിതരണം ചെയ്യും. സിനിമാ താരങ്ങളായ ക്ലാർക് ഗ്രെഗ്, കുർത് സട്ടർ എന്നിവരും വീടുവിട്ടുപോയതായി ട്വിറ്ററിൽ അറിയിച്ചു. കലിഫോർണിയയിലെ സൊനോമ കൗണ്ടിയിൽ 74,300 ഏക്കർ ഭൂമിയാണു തിങ്കളാഴ്ച മാത്രം തീയിൽ കത്തിനശിച്ചത്. സാക്രമന്റോയിലെ 66,200 ഏക്കർ സ്ഥലവും കത്തിനശിച്ചു.

അഗ്നിശമന സേന തീകെടുത്താനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും മാറിമറിയുന്ന കാറ്റിന്റെ ദിശയ്ക്കു അനുസരിച്ച് തീയും പടർന്നുപിടിക്കുകയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മേഖലയിൽ ശക്തമായ കാറ്റുവീശുമെന്നാണു കാലാവസ്ഥാ റിപ്പോർട്ടുകൾ. അങ്ങനെയാണെങ്കിൽ തീ വീണ്ടും വ്യാപിക്കാനാണു സാധ്യത. തീപിടിത്തത്തില്‍ 57 വീടുകളുൾപ്പെടെ 123 കെട്ടിടങ്ങളാണു കത്തിനശിച്ചത്. 20 കെട്ടിടങ്ങൾക്കു കേടുപാടുകളുണ്ടായി. ഇതിനു പുറമേ 90,000 കെട്ടിടങ്ങള്‍ തീപിടിത്ത ഭീഷണിയിലുമാണ്. തീ കൂടുതൽ വേഗത്തിൽ പടരുന്ന കിഴക്ക് മൗണ്ട് സെന്റ് ഹെലെന മുതൽ തെക്ക് ഷിലോ റിഡ്ജ് മേഖല വരെയാണ് അഗ്നിശമന സേന ഇപ്പോൾ പ്രധാനമായും ശ്രദ്ധയൂന്നുന്നത്. ആകാശത്തുനിന്ന് വലിയ എയർ ടാങ്കറുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് വെള്ളം ഒഴിച്ചാണ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നത്. ഫയർഎൻജിനുകളും ബുൾഡോസറുകളും തീ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു.

ലേക് കൗണ്ടിയിലേക്കു തീ പടരുകയാണെങ്കിൽ ദ്രുതകർമസേനയെ ഉൾപ്പെടെ രംഗത്തിറക്കാനും ചൊവ്വാഴ്ച പദ്ധതി രൂപീകരിച്ചു. ലൊസാഞ്ചലസിന്റെ പടിഞ്ഞാറു ഭാഗത്തു തിങ്കളാഴ്ച പുലർച്ചെ പൊട്ടിപ്പുറപ്പെട്ട കാട്ടുതീയെ തുടർന്ന് കലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സൊനോമ കൗണ്ടിയില്‍ 40 സ്കൂളുകൾക്കു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. സാന്റ റോസയിലെ എല്ലാ പൊതു പരിപാടികളും ഒരാഴ്ചത്തേക്കു മാറ്റിവച്ചിട്ടുണ്ട്. കലിഫോർണിയയിലെ 1.3 ദശലക്ഷം ജനങ്ങളുടെ വൈദ്യുതി, പാചക വാതക വിതരണം താൽക്കാലികമായി നിർത്തിവച്ചു.