തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റുകൾ ജനുവരി 11, 12 തീയ്യതികളിൽ പൊളിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള തീയതി നിശ്ചയിക്കുന്നതിന് ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീയ്യതികൾ തീരുമാനമായത്. ആൽഫ സെറിൻ, ഹോളി ഫെയ്ത്ത് ഫ്ലാറ്റുകളാണ് 11 ന് ആദ്യം പൊളിക്കുക. 12 ന് ഗോൾഡൻ കായലോരവും, ജെയിൻ ഫ്ലാറ്റും പൊളിക്കാനാണ് തീരുമാനം.
ഫ്ലാറ്റ് പൊളിച്ച് നീക്കാൻ ചുമതലയേറ്റെടുത്ത കമ്പനികൾ പൊളിക്കൽ പദ്ധതി സംബന്ധിച്ച റിപ്പോർട്ട് സാങ്കേതിക സമിതിക്ക് കൈമാറിയിരുന്നു. ഇത് പ്രകാരമുള്ള തുടർനടപടികൾ ആലോചിക്കുന്നതിനാണ് ചീഫ് സെക്രട്ടറി ഇന്ന് ഉന്നതതല യോഗം വിളിച്ചത്.
അതിനിടെ, പരിസരവാസികളുടെ ആശങ്ക പരിഹരിക്കാൻ യോഗം വിളിക്കാനും ധാരണയായിട്ടുണ്ട്. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ഇരുനൂറ് മീറ്റർ ചുറ്റളവിൽ നിന്നും ആളുകളെ ഒഴിപ്പിക്കും. കൂടാതെ ഗതാഗത നിയന്ത്രണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ചീഫ് സെക്രട്ടറി ടോം ജോസ് പ്രതികരിച്ചു. റവന്യു ടവറിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ, കമ്മീഷണർ, പൊളിക്കൽ ചുമതലയേറ്റെടുത്ത കമ്പനി പ്രതിനിധികൾ, സാങ്കേതിക സമിതി അംഗങ്ങൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
അതിനിടെ. മരിടിൽ അനധികൃതമായി ഫ്‌ളാറ്റ് നിർമിച്ച കേസിൽ നടപടിയുമായി വിജിലൻസ് മുന്നോട്ട് പോവുകയാണ്. ഗോൾഡൺ കായലോരം ഫ്‌ളാറ്റ് നിർമ്മിച്ച കേസിൽ മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിനെ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി. മറ്റു മൂന്നു ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത അഷ്‌റഫിനെ മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കേസിൽ ഗോൾഡൺ കായലോരം നിർമാണ കമ്പനി ഉടമകൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് നോട്ടീസ് അയച്ചു.
Leave a Reply