ലെബനീസ് പ്രധാനമന്ത്രിയെ സൗദി തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന ആരോപണവുമായി ലെബനന്‍. സൗദി അറേബ്യയിലെത്തി അവിടെവെച്ച് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയും സ്വയം അറസ്റ്റിന് വഴങ്ങുകയും ചെയ്ത ലെബനീസ് പ്രധാനമന്ത്രി സൗദ് ഹരീരി അന്നേ ദിവസം തന്നെ ലെബനന്‍ പ്രസിഡന്‍റ് ഔണിനെ വിളിച്ച് രാജിക്കാര്യം അറിയിച്ചിരുന്നു.
പ്രസിഡന്‍റ് രാജി നിരസിച്ചെങ്കിലും പിന്നീട് ഹരീരിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ വരവ് പ്രതീക്ഷിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ഈയാഴ്ചത്തെ പരിപാടികളിലും മാറ്റം വരുത്തിയിട്ടില്ല. ശനിയാഴ്ചയാണ് സാദ് ഹരീരി റിയാദിലെത്തിയതും അവിടെ നടത്തിയ പ്രസംഗത്തിനിടെ രാജിവെക്കുകയും ചെയ്തത്. സൗദി നടത്തിയിരിക്കുന്നത് യുദ്ധപ്രഖ്യാപനമാണെന്ന് ഹിസ്ബുള്ള നേതാവ് സയ്യദ് ഹാസന്‍ നസ്‌റള്ള പ്രഖ്യാപിക്കുക കൂടി ചെയ്തു.
ദേശീയ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് സൗദിക്കെതിരെ ശക്തമായ മുന്നറിയിപ്പുകളുമായി ഹിസ്ബുള്ള തലവന്‍ രംഗത്തെത്തിയത്. ലെബനീസ് രാഷ്ട്രീയത്തില്‍ മുമ്പൊന്നുമില്ലാത്തവിധത്തിലുള്ള ഇടപെടല്‍ സൗദി നടത്തിയതിന്‍റെ ഫലമാണ് ഹരീരിയുടെ രാജിയെന്നാണ് ഹിസ്ബുള്ള തലവന്‍റെ ആരോപണം. ഹരീരിയെ സുരക്ഷിതനായി ലെബനനിലെത്തിക്കാന്‍ സൗദി തയ്യാറാകണമെന്നും നസ്‌റള്ള ആവശ്യപ്പെട്ടു. ലെബനനിലെ സര്‍ക്കാര്‍ നിയമാനുസൃതമുള്ളതാണെന്നും രാജിവെച്ചിട്ടില്ലെന്നും നസ്‌റള്ള പറഞ്ഞു.
വീണ്ടും ലെബനന്‍ കഴിഞ്ഞവര്‍ഷം സുസ്ഥിരതയിലേക്ക് തിരിച്ചുവന്നിരുന്നു. പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുകയും പ്രധാനമന്ത്രിയും പുതിയ സര്‍ക്കാരും നിലവില്‍ വരികയും ചെയ്തു. ഇതവസാനിപ്പിക്കുന്നതിനുള്ള നീക്കമാണ് സൗദിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.
ആഭ്യന്തര കാര്യങ്ങളില്‍ സൗദി ഇടപെടുന്നതിനെ ശക്തമായി അപലപിക്കുന്നതായും നസ്‌റള്ള പറഞ്ഞു. ലെബനീസ് പ്രധാനമന്ത്രിക്കുനേരെയുള്ള ഏതതിക്രമത്തെയും ലെബനനുനേരെയുള്ള ആക്രമണമായാകും കാണുകയെന്നും നസ്‌റള്ള മുന്നറിയിപ്പ് നല്‍കി.