യാത്രകളില്‍ നമ്മള്‍ ചെയ്യാന്‍ പാടില്ലാത്ത പല കാര്യങ്ങളുണ്ട്. പ്രതേകിച്ച് വിമാനയാത്രയില്‍. ഒരുകാരണവശാലും വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ ചെയ്യാന്‍ പാടില്ലാത്ത ചില പ്രവര്‍ത്തികളെ കുറിച്ചു അറിയാം.

1, വിമാനത്തിലെ ഉറക്കം…

വിമാനം പറന്നുയരുമ്പോഴും, ലാന്‍ഡ് ചെയ്യുമ്പോഴും ഉറങ്ങാന്‍ പാടില്ല. പറന്നുയരുമ്പോഴും, ലാന്‍ഡ് ചെയ്യുമ്പോഴും വിമാനത്തിനുള്ളിലെ മര്‍ദ്ദം കൂടുതലായിരിക്കും. ഇത് യാത്രക്കാരന്റെ തുലനനിലയില്‍ മാറ്റമുണ്ടാക്കും. ഈ സമയം ഉറങ്ങുന്നത് തലകറക്കം, മനംപുരട്ടല്‍, ചെവിവേദന, കര്‍ണ്ണപുടത്തിന് കേടുപാട്, മൂക്കില്‍നിന്ന് രക്തംവരുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

2, തുടര്‍ച്ചയായി ഇരിക്കുന്നത്…

വിമാനം പറന്നുയരുന്നത് മുതല്‍ ലാന്‍ഡ് ചെയ്യുന്നതുവരെ ഇരിക്കുന്നത് നല്ലതല്ല. കാബിനുള്ളില്‍ മര്‍ദ്ദം കുറവായതുകൊണ്ട്, ശരീരത്തിനുള്ളില്‍ രക്തയോട്ടത്തിന് വേഗം കുറവായിരിക്കും, പ്രത്യേകിച്ചും കാലിലേക്കുള്ള രക്തയോട്ടം. ഇത് രക്തം കട്ടപിടിക്കാന്‍ കാരണമാകും.

3, വെള്ളം കുടിക്കുക…

കാബിനിലെ വായു ഏറെ വരണ്ടതായിരിക്കും. ഇത് നിര്‍ജ്ജലീകരണത്തിന് ഇടയാക്കും. അതുകൊണ്ടുതന്നെ ഇടയ്‌ക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിക്കുക. വിമാനത്തിനുള്ളില്‍ മദ്യപാനം പൂര്‍ണമായും ഒഴിവാക്കുക. മദ്യപാനം നിര്‍ജ്ജലീകരണം വര്‍ദ്ധിപ്പിക്കും.

4, ചായയോ കോഫിയോ കുടിച്ചാല്‍…

വിമാനത്തിനുള്ളില്‍ ലഭിക്കുന്ന ചായയോ കോഫിയോ ഒഴിവാക്കുന്നതാണ് നല്ലത്. വിമാനത്തിനുള്ളിലെ ചായ, കോഫി എന്നിവ തയ്യാറാക്കുന്നത് നല്ല വെള്ളം ഉപയോഗിച്ചല്ല. അന്താരാഷ്‌ട്ര വിമാനങ്ങളിലെ ചായയിലും കോഫിയിലും 12 ശതമാനം വരെ കോളിഫോം ബാക്‌ടീരിയ അടങ്ങിയിട്ടുള്ളതായി പഠനങ്ങളില്‍ വ്യക്തമായതാണ്.

5, കോള പോലെയുള്ള ദ്രാവകം…

കോളയോ സോഡയോ വിമാനത്തിനുള്ളില്‍വെച്ച് കുടിക്കാന്‍ പാടില്ല. വിമാനയാത്രയ്‌ക്കിടയില്‍ ഗ്യാസ്‌ട്രബിള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനൊപ്പം കോള പോലെയുള്ളവ കുടിച്ചാല്‍ ഗ്യാസ്‌ട്രബിള്‍ അധികമാകും.

6, മദ്യപിച്ചാല്‍…

വിമാനത്തിനുള്ളില്‍വെച്ച് മദ്യപിക്കുന്നവര്‍ ആദ്യം ഉറക്കത്തിലേക്ക് വഴുതുമെങ്കിലും, പിന്നീട് നിര്‍ജ്ജലീകരണവും തൊണ്ട വരളുന്നതുംകാരണം ഉറക്കം നഷ്‌ടമാകുന്നു.