ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഈ ശൈത്യകാലത്ത് ശക്തമായ മഴയും കൊടുങ്കാറ്റും മൂലമുണ്ടാകാവുന്ന വെള്ളപ്പൊക്ക ഭീഷണി നേരിടാൻ സർക്കാർ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു. വരും മാസങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴയും ശക്തമായ കാറ്റും കൊടുങ്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘത്തിന്റെ ആദ്യ യോഗം ബുധനാഴ്ച നടക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, പരിസ്ഥിതി ഏജൻസി, മേയർമാർ , കൃഷി, ജലവിതരണം, ഇൻഷുറൻസ് മേഖലകളിലെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ടിൽ ഏകദേശം 63 ലക്ഷം വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതായി പരിസ്ഥിതി ഏജൻസി മുന്നറിയിപ്പ് നൽകി. 2036 വരെ വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾക്കായി കുറഞ്ഞത് 10.5 ബില്യൺ പൗണ്ട് ചെലവഴിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, പ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ വെള്ളപ്പൊക്കത്തിൽനിന്ന് സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വരൾച്ചയും വെള്ളപ്പൊക്കവും ഒരേസമയം വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ ജനങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നടപടി ശക്തമാക്കുമെന്ന് പരിസ്ഥിതി മന്ത്രി എമ്മ ഹാർഡി പറഞ്ഞു.

കഴിഞ്ഞ 12 മാസത്തിനിടെ ബ്രിട്ടൻ കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. 2026-ലെ വേനൽക്കാലം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലമായി രേഖപ്പെടുത്തിയിരുന്നു. ഈ വർഷം എൽ നിനോ പ്രതിഭാസം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ സാധാരണ ശൈത്യകാല ശരാശരിയേക്കാൾ 42 ശതമാനം അധികം മഴ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ വീടുകളുടെ വെള്ളപ്പൊക്ക സാധ്യത പരിശോധിക്കാനും മുന്നറിയിപ്പുകൾക്കായി രജിസ്റ്റർ ചെയ്യാനും അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള മുൻകരുതൽ പദ്ധതി തയ്യാറാക്കാനും അധികൃതർ ജനങ്ങളോട് നിർദേശിച്ചു.