തിരുവനന്തപുരം: പ്രളയത്തെ തുടർന്നു രണ്ടു ദിവസത്തിൽ കൂടുതൽ വീടുകളിൽ വെള്ളം കെട്ടി നിൽക്കുകയും ഉരുൾപ്പൊട്ടലിനെ തുടർന്ന് ഒറ്റപ്പെടുകയും ചെയ്ത വീടുകൾക്കു സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ അടിയന്തര ദുരിതാശ്വാസമായ 10,000 രൂപ വിതരണം ചെയ്യുന്നതിനുള്ള ആശയക്കുഴപ്പം തുടരുന്നു. ഇതേ തുടർന്ന് ദുരിതാശ്വാസ തുക വിതരണം വൈകി.
ദുരിതാശ്വാസ ക്യാന്പുകളിലുള്ള മുഴുവൻ പേർക്കും തുക നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നില്ല. പ്രളയ ദുരന്ത ഭീഷണിയെ തുടർന്നു ക്യാന്പുകളിൽ എത്തിയവർക്കു തുക നൽകുമെന്നു പറഞ്ഞിരുന്നില്ല. റവന്യു അധികൃതർ പരിശോധന പൂർത്തിയായ ശേഷം തുക വിതരണം ചെയ്യാനായിരുന്നു ആദ്യഘട്ടത്തിൽ സർക്കാർ തീരുമാനം.
എന്നാൽ, 10,000 രൂപ സർക്കാർ പ്രഖ്യാപിച്ചതോടെ കൂടുതൽ പേർ അപേക്ഷ സമർപ്പിക്കുകയായിരുന്നു. ഇതോടെ ഇതിന് അപേക്ഷിക്കുന്നവരുടെ സംഖ്യ ക്രമാതീതമായി ഉയർന്നു. നാലു ലക്ഷത്തോളം കുടുംബങ്ങൾക്കു സഹായം നൽകേണ്ടി വരുമെന്നായിരുന്നു സർക്കാർ പ്രതീക്ഷ. കാരണം 13 ലക്ഷത്തോളം പേരായിരുന്നു വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിനെ കുടുംബമായി കണക്കാക്കിയാൽ നാലു ലക്ഷത്തിൽ താഴെ വരുമെന്നായിരുന്നു സർക്കാർ പ്രതീക്ഷ.
എന്നാൽ, കഴിഞ്ഞ ദിവസം റവന്യു അധികൃതർ സർക്കാരിനു നൽകിയ കണക്കു പ്രകാരം 6.6 ലക്ഷം കുടുംബങ്ങൾ 10,000 രൂപയുടെ സഹായത്തിന് അർഹരായുണ്ടെന്ന് അറിയിച്ചു. തദ്ദേശ സ്ഥാപന അധികൃതർ നൽകിയ റിപ്പോർട്ട് അനുസരിച്ചു 5.78 ലക്ഷം പേരുമുണ്ട്. കണക്കുകളിലെ അവ്യക്ത കൂടാതെ അർഹരായവർ പിന്തള്ളപ്പെടുകയും അനർഹർ നുഴഞ്ഞു കയറുകയും ചെയ്യുമോ എന്ന ആശങ്കയും സർക്കാരിനുണ്ട്. ഇതിൽ ഏതു പട്ടികയിൽ ഉൾപ്പെട്ടവർക്കാണു ധനസഹായം നൽകേണ്ടതെന്ന ആശയക്കുഴപ്പം ഇനിയും അവസാനിച്ചിട്ടില്ല. ഇതു കൂടാതെ പലരുടെയും ബാങ്ക് അക്കൗണ്ട് നന്പരുകളും ലഭിച്ചിട്ടില്ല.
അതേസമയം, ബാങ്ക് അവധിക്കു ശേഷം തുറന്നു പ്രവർത്തിച്ചാൽ ഉടൻ നഷ്ടപരിഹാര തുക വിതരണം ആരംഭിക്കുമെന്നാണ് ചൊവ്വാഴ്ചയും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്.
Leave a Reply