പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നു 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരു സിപിഎം നേതാവു കൂടി പ്രതി. സിപിഎം തൃക്കാക്കര ഇൗസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എൻ.എൻ.നിധിൻ(33), ഭാര്യ ഷിന്റു(29) എന്നിവരെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി കലക്ടറേറ്റിനു സമീപം താമസിക്കുന്ന കൊല്ലം സ്വദേശി ബി.മഹേഷ് ഇന്നലെ രാത്രി പൊലീസിൽ കീഴടങ്ങിയതായി സൂചനയുണ്ട്. കേസിൽ പ്രതിയായ ഇതേ ലോക്കൽ കമ്മിറ്റി അംഗം എം.എം.അൻവർ ഒളിവിലാണ്. കലക്ടറേറ്റ് ദുരിതാശ്വാസ വിഭാഗത്തിൽ സെക്‌ഷൻ ക്ലാർക്കും എൻജിഒ യൂണിയൻ അംഗവുമായ വിഷ്ണുപ്രസാദിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

പ്രതികൾ ഗൂഢാലോചന നടത്തി കലക്ടറേറ്റിലെ ദുരിതാശ്വാസ അക്കൗണ്ടിൽ നിന്ന് 10,54,000 രൂപ തൃക്കാക്കര അയ്യനാട് സഹകരണ ബാങ്കിലേക്കും 2,50,000 രൂപ ദേനാ ബാങ്കിന്റെ കാക്കനാട് ശാഖയിലേക്കും മാറ്റിയ ശേഷം പിൻവലിച്ചു എന്നാണു കേസ്. സിപിഎം ഭരിക്കുന്ന അയ്യനാട് സഹകരണ ബാങ്കിൽ നിന്നു വ്യക്തമായ തെളിവില്ലാതെയാണ് എം.എം.അൻവർ പണം പിൻവലിച്ചതെന്നും കണ്ടെത്തി. 5 തവണകളിലായാണു 10.54 ലക്ഷം രൂപ ജില്ലാ ട്രഷറി വഴി അയ്യനാട് ബാങ്കിലെത്തിയത്.

2019 നവംബർ 28നു രണ്ടു തവണയായെത്തിയ 2.50 ലക്ഷം രൂപ അയ്യനാട് ബാങ്കിൽ നിന്ന് അൻവർ പിൻവലിച്ചിരുന്നു. ഇത് അൻവറിനുള്ള തുകയാണെന്ന് അയ്യനാട് ബാങ്കിനെ അറിയിച്ചിരുന്നില്ല. ട്രഷറിയിൽ നിന്നു പണം അയച്ചതിന്റെ യുടിആർ നമ്പറുമായി സഹകരണ ബാങ്കിലെത്തിയ അൻവർ തനിക്കുള്ള പണമാണെന്ന് അറിയിച്ചെങ്കിലും പണം കൈമാറാൻ സെക്രട്ടറി തയാറായില്ല. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നേതാക്കൾ സെക്രട്ടറിയുടെ മേൽ സമ്മർദം ചെലുത്തി അൻവറിനു പണം കൊടുപ്പിക്കുകയായിരുന്നു. ജനുവരി 21നും 24നുമായി മൂന്നു തവണ കൂടി ട്രഷറിയിൽ നിന്നു അയ്യനാട് ബാങ്കിലേക്ക് പണം എത്തി. 2.5 ലക്ഷം, 1.25 ലക്ഷം, 1.79 ലക്ഷം എന്നീ തുകകൾ കൈപ്പറ്റാനും അൻവർ എത്തി. ഇത്തവണയും ഭരണ സമിതിയിലെ സിപിഎം നേതാക്കൾ സെക്രട്ടറിയുടെ മേൽ സമ്മർദം ചെലുത്തിയെങ്കിലും സംശയം തോന്നിയതിനാൽ സെക്രട്ടറി അനുമതി നൽകിയില്ല. ഇതുമൂലം അവസാനമെത്തിയ ഗഡുക്കൾ അൻവറിനു ലഭിച്ചില്ല.

പണം വന്നതിലെ ദുരൂഹതയും ഇടപാടുകളും സംബന്ധിച്ചു ഭരണസമിതിയിൽ ആക്ഷേപം ഉയർന്നപ്പോൾ ബാങ്ക് അധികൃതർ വിവരം കലക്ടർ എസ്.സുഹാസിനെ അറിയിച്ചു. കലക്ടറുടെ നിർദേശ പ്രകാരം ജില്ലാ ഫിനാൻസ് ഓഫിസർ ജി.ഹരികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു തട്ടിപ്പു പുറത്തു വന്നത്. ജില്ലാ ഭരണകൂടം പൊലീസിനു പരാതി നൽകി. തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിച്ചു.

എറണാകുളം എഡിഎമ്മിന്റെ പേരിൽ ജില്ലാ ട്രഷറിയിലുള്ള അഡ്മിൻ അക്കൗണ്ടിന്റെ യൂസർ ഐഡിയും പാസ്‍വേഡും ദുരുപയോഗം ചെയ്താണു ക്ലാർക്ക് വിഷ്ണുപ്രസാദ് തട്ടിപ്പു നടത്തിയതെന്നാണു കണ്ടെത്തൽ. പണം എളുപ്പത്തിൽ പുറത്തു കടത്താനാണു സിപിഎം ലോക്കൽ കമ്മിറ്റിയംഗം എം.എം.അൻവറിന്റെയും മറ്റൊരു അംഗമായ എൻ.എൻ.നിധിന്റെ ഭാര്യയുടെയും അക്കൗണ്ടുകൾ ഉപയോഗിച്ചത്. അക്കൗണ്ടുകളിലെത്തിയ പണം ഇവർ പിൻവലിച്ചു മഹേഷ് വഴി വിഷ്ണുവിനു കൈമാറുകയായിരുന്നു. പ്രതികൾക്കും വിഹിതം കിട്ടിയിട്ടുണ്ടെന്നാണു കരുതുന്നത്. അൻവർ, നിധിൻ എന്നിവരെ സസ്പെൻഡ് ചെയ്ത തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നടപടി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു.

പ്രളയസഹായം കിട്ടാതെ അരലക്ഷം പേർ

പ്രളയത്തിൽ നാശമുണ്ടായവർക്കു നഷ്ടപരിഹാരം നേരിട്ടു നൽകിയാൽ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും വിഹിതം കൈപ്പറ്റുമെന്ന ആശങ്കമൂലം ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറാനുള്ള സർക്കാർ ശ്രമവും പാളുന്നു. ബാങ്ക് അക്കൗണ്ടുകളിലേക്കു പണം കൈമാറുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലം കഴിഞ്ഞ വർഷത്തെ പ്രളയത്തിനുശേഷം സർക്കാർ അനുവദിച്ച നഷ്ടപരിഹാരം അര ലക്ഷത്തിലേറെ പേർക്കു ലഭിച്ചില്ല.

സർക്കാർ കണക്കുപ്രകാരം അടിയന്തര സഹായമായി അനുവദിച്ച 10000 രൂപ, 38000 പേരുടെ അക്കൗണ്ടുകളിൽ നിന്നു മടങ്ങി. വീടുകളുടെ നാശനഷ്ടത്തിന് 49900 പേർക്ക് അനുവദിച്ച തുക 18000 പേരുടെ അക്കൗണ്ടുകളിൽ നിന്നു മടങ്ങി. പ്രധാനമന്ത്രിയുടെ ജൻധൻ യോജന പ്രകാരം ബാങ്ക് അക്കൗണ്ട് തുടങ്ങിയവർക്ക് അനുവദിച്ച തുകയാണ് തിരിച്ചുവന്നതിൽ ഭൂരിഭാഗവും. ഈ അക്കൗണ്ടുകളിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 50,000 രൂപയാണ്. വീടിനു നാശനഷ്ടം സംഭവിച്ചവരിൽ ഭൂരിഭാഗം പേർക്കും ഇതിൽക്കൂടുതൽ തുക അനുവദിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ ഉൾപ്പെടെ വിശദാംശങ്ങൾ നൽകിയതിലെ പിഴവാണ് അടിയന്തര സഹായമായി നല‍്കിയ 10000 രൂപ മടങ്ങാനുള്ള പ്രധാന കാരണം. 3,04000 പേർക്കാണ് 10000 രൂപ വീതം നൽകിയത്. തുക മടങ്ങിയ 38000 പേരിൽ എണ്ണായിരത്തിലേറെ പേരുടെ അക്കൗണ്ട് വിവരം തിരുത്തി പണം വീണ്ടും നിക്ഷേപിച്ചു.