ലണ്ടൻ: കുടുംബസമേതം നടത്തിയ വിനോദയാത്രയ്ക്കിടെ സാധാരണയായി വീടുകളിലും ഉദ്യാനങ്ങളിലുമെല്ലാം കാണപ്പെടുന്ന റോഡോഡെൻഡ്രോൺ ചെടിയുടെ പൂവ് കടിച്ചുതിന്നതിനെ തുടർന്ന് ഒരു വയസുകാരിക്ക് വിഷബാധയേറ്റ സംഭവം ആശങ്കയുണർത്തി. ഇംഗ്ലണ്ടിലെ ഷ്രോപ്ഷെയറിലുള്ള അറ്റിംഗ്ഹാം പാർക്കിലെ സന്ദർശനത്തിനിടെ ഡെയ്‌സി ഹാളിന്റെ മകൾ വിന്നിയാണ് പൂവ് വായിലിട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഡെയ്‌സി ഇന്റർനെറ്റിൽ പരിശോധന നടത്തിയപ്പോഴാണ് ചെടി മനുഷ്യർക്കും മൃഗങ്ങൾക്കും വിഷാംശമുള്ളതാണെന്ന് മനസ്സിലായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച മാതാപിതാക്കൾക്ക് ഡോക്ടർമാർ ആക്റ്റിവേറ്റഡ് ചാർക്കോൾ നൽകി ചികിത്സ ആരംഭിച്ചു. വിഷാംശം ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് തടയാനാണ് ഈ ചികിത്സ നൽകിയത്. ഇസിജി ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം ആറു മണിക്കൂർ നിരീക്ഷണത്തിലിരുത്തിയ കുഞ്ഞിനെ പിന്നീട് വീട്ടിലേക്ക് വിട്ടു. തുടർന്ന് 24 മണിക്കൂർ കൂടി ആരോഗ്യനില നിരീക്ഷിച്ച ശേഷമാണ് പൂർണമായും അപകടമില്ലെന്ന് ഉറപ്പാക്കിയത്.

റോഡോഡെൻഡ്രോൺ ചെടികളിൽ അടങ്ങിയിരിക്കുന്ന ‘ഗ്രേയനോട്ടോക്സിൻ’ എന്ന വിഷപദാർഥം ഛർദി, തലകറക്കം, കാഴ്ച മങ്ങുക തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾ പൂക്കളോ ഇലകളോ വായിലിടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ അവഗണിക്കാതെ ഉടൻ പരിശോധിക്കുകയും ആവശ്യമായാൽ വൈദ്യസഹായം തേടുകയും വേണമെന്ന് ഡെയ്‌സി ഹാൾ മാതാപിതാക്കളോട് അഭ്യർഥിച്ചു.