ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിൽ ഈ വർഷം സാധാരണയേക്കാൾ നേരത്തേ ഇൻഫ്ലുവൻസ (ഫ്ലൂ) വ്യാപിക്കുന്നതായി ആരോഗ്യവിദഗ്ധർ. കഴിഞ്ഞ നാല് ശൈത്യകാലങ്ങളിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഫ്ലൂ കേസുകൾ കൂടുതലായിരുന്നുവെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎസ്എച്ച്എ) അറിയിച്ചു. രോഗലക്ഷണങ്ങളുമായി ഡോക്ടറെ സമീപിക്കുന്നവരുടെയും അത്യാഹിത വിഭാഗങ്ങളിൽ എത്തുന്നവരുടെയും എണ്ണത്തിലും വർധനയുണ്ട്. പ്രായമായവരും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരും എത്രയും വേഗം വാക്സിനെടുക്കണമെന്ന് ഓക്സ്ഫഡ് വാക്സിൻ ഗ്രൂപ്പ് ഡയറക്ടർ പ്രൊഫ. സർ ആൻഡ്രൂ പൊള്ളാർഡ് നിർദേശിച്ചു. വാക്സിൻ പൂർണ സംരക്ഷണം നൽകാൻ ഏതാനും ആഴ്ചകൾ വേണ്ടിവരുമെന്നതിനാൽ വൈകിക്കരുതെന്ന് ഗ്ലാസ്‌ഗോ സർവകലാശാലയിലെ പകർച്ചവ്യാധി വിദഗ്ധ പ്രൊഫ. ആന്റോണിയ ഹോയും മുന്നറിയിപ്പ് നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

18 മുതൽ 24 വയസ്സുവരെയുള്ളവരിലാണ് ഇപ്പോഴത്തെ ഫ്ലൂ വർധന പ്രധാനമായും കാണുന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇൻഫ്ലുവൻസ എ വിഭാഗത്തിലെ എച്ച്‌വൺഎൻവൺ, എച്ച്‌ത്രീഎൻടു എന്നീ രണ്ട് ഉപവിഭാഗങ്ങളാണ് ഇംഗ്ലണ്ടിൽ വ്യാപിക്കുന്നത്. ഇവയ്ക്കു പുറമേ ഇൻഫ്ലുവൻസ ബി വിഭാഗത്തെയും പ്രതിരോധിക്കാൻ നിലവിലെ വാക്സിൻ സഹായിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കി. എച്ച്‌വൺഎൻവൺ വൈറസിൽ ചെറിയ മാറ്റങ്ങൾ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് വാക്സിന്റെ ഫലപ്രാപ്തിയെ എത്രത്തോളം ബാധിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ല. ഫ്ലൂ സീസൺ നേരത്തേ ആരംഭിച്ചതുകൊണ്ടുമാത്രം രോഗം കൂടുതൽ ഗുരുതരമാകുമെന്ന് പറയാനാവില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. എന്നാൽ രോഗവ്യാപന കാലയളവ് നീളാനും ആകെ രോഗികളുടെ എണ്ണം വർധിക്കാനും സാധ്യതയുണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകി.

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് വഴി കുട്ടികൾക്കും രോഗസാധ്യത കൂടുതലുള്ള വിഭാഗങ്ങൾക്കും സൗജന്യ ഫ്ലൂ വാക്സിൻ ലഭ്യമാണ്. അർഹതയില്ലാത്തവർക്ക് തൊഴിലിടങ്ങളിലൂടെയോ സ്വകാര്യ ഫാർമസികളിലൂടെയോ വാക്സിൻ സ്വീകരിക്കാം. കഴിഞ്ഞ ശൈത്യകാലത്ത് വാക്സിനേഷൻ പദ്ധതി ഏകദേശം ഒരു ലക്ഷം ആശുപത്രി പ്രവേശനങ്ങളും 7,000 മരണങ്ങളും തടയാൻ സഹായിച്ചതായാണ് കണക്ക്. കോവിഡ് കേസുകളും വർധിക്കുന്നതിന്റെ സൂചനകളുള്ളതിനാൽ അർഹരായവർ കോവിഡ് വാക്സിനും സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കെതിരായ പ്രതിരോധവും പ്രധാനമാണ്. പനി പോലുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ വീട്ടിൽത്തന്നെ കഴിയുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക, മറ്റുള്ളവരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകളും സ്വീകരിക്കണമെന്ന് വിദഗ്ധർ ഓർമിപ്പിച്ചു.