ലണ്ടന്‍: ജോഗിംഗിനിടെ എതിര്‍ദിശയില്‍ നടന്നു വന്ന സ്ത്രീയെ ബസിനു മുന്നിലേക്ക് തള്ളിയിട്ടയാളെ അന്വേഷിച്ച് പോലീസ്. പട്‌നി പാലത്തില്‍ വെച്ച് മെയ് 5ന് രാവിലെയാണ് സംഭവമുണ്ടായത്. പാലം കടന്ന് സമീപത്തുള്ള ട്യൂബ് സ്റ്റേഷനിലേക്ക് നടക്കുകയായിരുന്ന സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്. ജോഗിംഗ് നടത്തിക്കൊണ്ടിരുന്നയാള്‍ ഒരു പ്രകോപനവും കൂടാതെ സ്ത്രീയെ രണ്ടു കൈകളും ഉപയോഗിച്ച് തള്ളിയിടുകയായിരുന്നു. ഒരു ബസിനു നേരെയാണ് സ്ത്രീ വീണത്. ഡ്രൈവര്‍ വാഹനം വെട്ടിച്ചു മാറ്റിയതിനാല്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
33 വയസുള്ള സ്ത്രീയാണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടുണ്ട്. ബസില്‍ നിന്നിറങ്ങിയ യാത്രാക്കാര്‍ സ്ത്രീയെ പരിചരിക്കുന്നതിനിടെ അക്രമി അടുത്തുകൂടി പോകുന്നതും പിന്നീടുള്ള ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തിന് ഇരയായ സ്ത്രീ ഇയാളോട് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറാകുന്നില്ല.
ബസ് ഡ്രൈവര്‍ അവസരോചിതമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇവര്‍ക്ക് അപകടമൊന്നും സംഭവിക്കാതിരുന്നതെന്ന് അന്വേഷണോദ്യോഗസ്ഥനായ സെര്‍ജന്റ് മാറ്റ് നോള്‍സ് പറഞ്ഞു. അക്രമിയെ തിരിച്ചറിയുന്നതിനായാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ഇയാളെ തിരിച്ചറിയുന്നവര്‍ അറിയിക്കണമെന്ന് മെട്രോപോളിറ്റന്‍ പോലീസ് ആവശ്യപ്പെട്ടു.
Leave a Reply