ജിമ്മി ജോസഫ് ഗ്ലാസ്ഗോ
ഗ്ലാസ്ഗോ: ബ്രിട്ടീഷ് കബഡി ലീഗിൽ മിന്നൽ പ്രകടനവുമായി യുകെ മലയാളി കബഡി ടീം സെമി ഫൈനലിലേയ്ക്ക് .യുകെയിലെ പ്രഗത്ഭരും പരിചയ സമ്പന്നരുമായ 9 ടീമുകളുമായി മത്സരിച്ച് ചരിത്രത്തിലിതാദ്യമായി ബ്രട്ടീഷ് കബഡി ലീഗിന്റെ കളത്തിലിറങ്ങിയ മലയാളി കബഡി ടീം – നോട്ടിംഗാം റോയൽസ്, ഗ്ലാസ്ഗോ ക്ലബ് ബെല്ലാ ഗൂസ്റ്റണിനിൽ വച്ച് നടന്ന ആവേശോജ്വലമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പരിചയ സമ്പത്തിന്റെ കരുത്തിൽ കേമന്മാരായ എഡിൻബർഗ്ഗ് ഈഗിൾസിനെ നിഷ്പ്രഭരാക്കുന്ന ഗംഭീര പ്രകടനത്തിലൂടെ മുട്ടുകുത്തിച്ചു; യുകെയിലെമ്പാടുമുള്ള കബഡി പ്രേമികളെ ഉൾപുളകം കൊള്ളിച്ചു കൊണ്ട് , കമ്പഡി കളിയുടെ സർവ്വമേഖലയിലും വ്യക്തമായ ആധിപത്യം നേടി മത്സരത്തിലുടനീളം ലീഡുയർത്തി കൊണ്ടേയിരുന്ന നമ്മുടെ സ്വന്തം മലയാളി ടീം തുടക്കകാരന്റെ യാതൊരുവിധ ഭയാശങ്കകളുമില്ലാതെ ബ്രട്ടീഷ് കബഡി ലീഗിലെ ഒട്ടനവധി മത്സരങ്ങളിൽ ആധികാരികമായ വിജയം നേടിയ എഡിൻബർഗ്ഗ് ഈഗിൾസിനെ മലർത്തിയടിച്ചത് 14 പോയിന്റ് വ്യത്യാസത്തിലാണ് , സ്കോർ 29-43.

ബ്രട്ടീഷ് കമ്പഡി ലീഗിൽ വരവറിയിച്ച “കൊടികയറണ പൂരമായി പൊടി പറത്തിയൊരോളമായി ചുണയുടെ പേരുമായി മലയാളത്തിന്റെ ‘അരി കൊമ്പൻ ‘ മാർ നോട്ടിംഗാം റോയൽസ് ചരിത്രം കുറിച്ചു കൊണ്ട് ബ്രട്ടീഷ് കബഡി ലീഗിൽ കരുത്തു തെളിയിച്ച് എതിരാളികളെ മലർത്തിയടിച്ച് മുന്നേറുന്ന മഹനീയ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ നൂറു കണക്കിനാളുകൾ എത്തിച്ചേർന്നത് സംഘാടകരെയും ഇതര ടീമുകളെയും ആശ്ചര്യോ ജനകവും ആകാംക്ഷാഭരിതരുമാക്കി.”തകിലടിച്ചൊരു മുകിലു പാടി അകലെ മുകിലിൽ മംഗളങ്ങൾ ” കരമായി കുരവയായി മലയാളി കബഡി ടീമെന്ന വികാരം മനസ്സിൽ ആളികത്തുന്ന യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരും കബഡി കളിയെക്കുറിച്ച് വലിയ ധാരണയില്ലാത്ത പുതു തലമുറയിൽ പെട്ട മലയാളി കുട്ടികളും വനിതകളും ഗ്ലാസ്ഗോ മലയാളി യുവതയും അണിചേർന്നപ്പോൾ ബ്രിട്ടീഷ് മലയാളി കുടിയേറ്റ ചരിത്രത്തിന്റെ നാൾവഴികളിലെ മറ്റൊരു പൊൻ തൂവലായിതുമാറി.


ഇന്ന് മെയ് 28 രാവിലെ 11:30 ന് ഗ്ലാസ്ഗോ ബെല്ലാ ഗൂസ്റ്റണിൽ നടക്കുന്ന സെമി ഫൈനൽ – ഫൈനൽ മത്സരങ്ങളിൽ ‘മലയാളി ‘വികാരമായ ‘നോട്ടിംഗാം റോയൽസിനെ ആർപ്പാരവങ്ങളോടെ എതിരേൽക്കാൻ , പിന്തുണയേകാൻ യുകെയിലെ പ്രത്യേകിച്ച് സ്കോട്ലാൻഡിലെ എല്ലാ മലയാളികളെയും സഹർഷം സ്വാഗതം ചെയ്യുന്നതോടൊപ്പം ഇന്നലെ നടന്ന മത്സരത്തിൽ സർവ്വാത്മനാ പിന്തുണയേകിയ എല്ലാവർക്കും പ്രത്യേകിച്ച് ഗ്ലാസ്ഗോ മലയാളി സമൂഹത്തിന്റെ സ്പന്ദനമറിഞ്ഞ് പുതുതായി ആരംഭിച്ച സ്കോട്ലാൻഡ് മലയാളി അസോസിയേഷൻ കൾചറൽ കമ്മ്യൂണിറ്റി (SMaCC), കലാകേരളം ഗ്ലാസ്ഗോ ,ഫ്രണ്ട്സ് ഓഫ് ഗ്ലാസ്ഗോ , യുണൈറ്റഡ് സ്കോട്ലാൻഡ് മലയാളി അസോസിയേഷൻ (USMA) നും ടീം സ്പോൺസറായ 24/7 ഫസ്റ്റ് കോൾ ക്വാളിറ്റി ഹെൽത്ത് കെയറിനോടുമുളള അകൈതവമായ നന്ദിയും കടപ്പാടും ടീം മാനേജർ രാജു ജോർജും ടീം ക്യാപ്റ്റൻ സജു മാത്യുവും അറിയിച്ചു. ഇന്ന് നടക്കുന്ന സെമി ഫൈനൽ – ഫൈനൽ മത്സരങ്ങൾ നേരിൽ കണ്ട് പ്രോത്സാഹിപ്പിക്കാൻ ഏവരെയും ക്ഷണിക്കുന്നു .നേരിൽ വരാൻ സാധിക്കാത്തവർക്ക് ബിബിസി സ്പോർട്സ് ചാനലിലൂടെയും തത്സമയം മത്സരങ്ങൾ കാണാവുന്നതാണ്.
മത്സര വേദി :
31 Bellahouston Dr, Bellahouston, Glasgow G52 1HH
സമയം : 11:00 am.