ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ നടന്നതായി ഉയര്‍ന്ന ആരോപണത്തിനു പിന്നാലെ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ ബ്രെക്‌സിറ്റ് ഹിതപരിശോധനയിലും നടന്നതായി ആശങ്ക ഉയരുന്നു. വോട്ടര്‍ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് തകര്‍ന്നതിനു പിന്നില്‍ റഷ്യയോ ചൈനയോ ഇടപെട്ടിരിക്കാമെന്ന ആശങ്കയാണ് ഉയരുന്നത്. കോമണ്‍സ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് കോണ്‍സ്റ്റിറ്റിയൂഷണല്‍ അഫയേഴ്‌സ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിദേശ രാജ്യങ്ങള്‍ ഹിതപരിശോധനയില്‍ ഇടപെട്ടതായുള്ള ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.

ആരാണ് ആക്രമണത്തിന് ഉത്തരവാദി എന്നത് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത്തരം ആക്രമണങ്ങള്‍ നടത്തി ജനങ്ങളുടെ അഭിപ്രായം രൂപീകരിക്കാന്‍ ഈ രാജ്യങ്ങള്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍, ഫ്രഞ്ച് തെരഞ്ഞെടുപ്പുകളില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന ആരോപണങ്ങളാണ് എംപിമാരുടെ ആശങ്കയ്ക്ക് അടിസ്ഥാനം. ജൂണ്‍ 7നായിരുന്നു സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ വോട്ടര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി. എന്നാല്‍ സമയം അവസാനിക്കുന്നതിനു 100 മിനിറ്റ് മുമ്പ് വെബ്‌സൈറ്റ് തകര്‍ന്നതുമൂലം രജ്‌സ്‌ട്രേഷനായുള്ള സമയപരിധി വീണ്ടും നീട്ടേണ്ടി വന്നു.

അവാസന ദിവസം അഞ്ച് ലക്ഷത്തിലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയതാണ് സൈറ്റ് തകരാന്‍ കാരണമെന്നായിരുന്നു അന്ന് വിശദീകരിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച പുറത്തു വിട്ട വിവരമനുസരിച്ച് സൈറ്റില്‍ കൃത്രിമമായി തിരക്ക് സൃഷ്ടിക്കാന്‍ ദോഷകരമായ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹിതപരിശോധനയുടെ ഫലത്തെ അത് നേരിട്ട് സ്വാധീനിക്കുന്നില്ലെങ്കിലും ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് കമ്മിറ്റി വിലയിരുത്തുന്നു.